Home » Blog » Cinema » “എനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല, എൻ്റെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ പ്രൊഫൈലുകളിൽ വിശ്വസിക്കരുത്” – ആരാധകരോട് നടി ഭാവന
9

കൊച്ചി: തന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകളും പേജുകളും വ്യാജമാണെന്ന് വ്യക്തമാക്കി നടി ഭാവന. തനിക്ക് ഔദ്യോഗികമായി ഫേസ്ബുക്ക് അക്കൗണ്ടില്ലെന്നും ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് സജീവമെന്നും താരം അറിയിച്ചു. തന്റെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ പ്രൊഫൈലുകളിൽ വിശ്വസിക്കരുതെന്നും ആരാധകരോട് ഭാവന അഭ്യർഥിച്ചു.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഭാവനയുടെ പ്രതികരണം. “എനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല. ഞാൻ സജീവമായിരിക്കുന്ന ഏക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഇൻസ്റ്റാഗ്രാമാണ്. എന്റെ പേരിൽ പ്രചരിക്കുന്ന ഏതെങ്കിലും ഫേസ്ബുക്ക് പ്രൊഫൈലോ പേജോ എന്റെ ഔദ്യോഗിക അക്കൗണ്ടല്ല,” -എന്നാണ് താരം കുറിച്ചത്.

അടുത്തിടെ ഭാവനയുടെ പേരിൽ നിരവധി ഫേസ്ബുക്ക് ഫാൻ പേജുകളും വ്യാജ അക്കൗണ്ടുകളും പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് വിശദീകരണം. ഇത്തരം അക്കൗണ്ടുകൾ വഴി പ്രചരിക്കുന്ന വിവരങ്ങളിൽ വിശ്വസിക്കരുതെന്നും സംശയാസ്പദമായ പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും താരം പരോക്ഷമായി നിർദേശിച്ചു.

സാമൂഹികമാധ്യമങ്ങളിൽ സജീവമായ ഭാവന തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെക്കുന്നത്. മലയാളത്തിനൊപ്പം കന്നഡ സിനിമകളിലും സജീവമായ താരം, ഏറ്റവും ഒടുവിൽ ‘അനോമി’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരെ കണ്ടത്. നിലവിൽ താരത്തിന്റേതായി മൂന്ന് കന്നഡ ചിത്രങ്ങൾ കൂടി റിലീസിനൊരുങ്ങുകയാണ്.