സംസ്ഥാനത്തിന്റെ സാംസ്കാരിക-ഗവേഷണ രംഗങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിച്ചു. സിനിമ, സംഗീതം, ഗവേഷണം, വയോജന ക്ഷേമം തുടങ്ങിയ മേഖലകൾക്ക് വലിയ പ്രാധാന്യം നൽകുന്ന പദ്ധതികളാണ് ബജറ്റിലുള്ളത്. കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഫിലിം സിറ്റി സ്ഥാപിക്കുന്നതിനായി 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനോടൊപ്പം മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ സ്മരണാർത്ഥം ‘ചിത്രനഗരം’ എന്ന പദ്ധതിയും സർക്കാർ നടപ്പിലാക്കും.
കോഴിക്കോട് നഗരത്തിൽ എം.ടി. വാസുദേവൻ നായരുടെ പേരിൽ 50 കോടി രൂപ ചെലവിൽ ഒരു കൾച്ചറൽ പാർക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടികൾക്കും മറ്റ് കലാകാരന്മാർക്കും തങ്ങളുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള പ്രത്യേക വേദികൾ ഇവിടെ സജ്ജീകരിക്കും. തൃശൂരിൽ പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണയ്ക്കായി ഒരു അത്യാധുനിക മ്യൂസിക് അക്കാദമി സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്
ഗവേഷണ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഐ.ഐ.ടി മദ്രാസ് റിസർച്ച് പാർക്കിന്റെ മാതൃകയിൽ കേരളത്തിലും പുതിയ റിസർച്ച് പാർക്ക് ആരംഭിക്കാൻ 60 കോടി രൂപ നീക്കിവെച്ചു. ആരോഗ്യ-ശാസ്ത്ര മേഖലയിൽ വലിയ വികസനം ലക്ഷ്യമിട്ടുകൊണ്ട് 100 കോടി രൂപ ചെലവിൽ ‘കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി’ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനായി പുതുതായി രൂപീകരിച്ച വകുപ്പിന് 10 കോടി രൂപ അനുവദിക്കുകയും, അവരെ പരിചരിക്കുന്നതിനായി ‘കെയർ ഗിവർ’ എന്ന പുതിയ പദ്ധതി ആവിഷ്കരിക്കുകയും ചെയ്യും. സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകൾ വഴി വയോധികർക്ക് ശാസ്ത്രീയമായ രോഗപരിചരണവും പരിശീലനവും ഈ പദ്ധതിയിലൂടെ ലഭ്യമാക്കും.
