Your Image Description Your Image Description

 

സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അടിസ്ഥാനപരവും വിദ്യാഭ്യാസപരവുമായ വികസന പ്രവര്‍ത്തനങ്ങക്ക് തടയിടാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ഇവ സര്‍ക്കാറിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അതിജീവിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. കൊണ്ടോട്ടി ഗവ. കോളേജില്‍ 4.05 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ രണ്ട് നിലകളുടെ ഉദ്ഘാടനവും അഞ്ച് കോടി ചെലവില്‍ പെണ്‍കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ടി.വി. ഇബ്രാഹിം എംഎല്‍എ അധ്യക്ഷനായി.

കേരളത്തിലെ സര്‍വ്വകലാശാലകള്‍ ദേശീയ റാങ്കിങില്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. എന്‍.ഐ.ആര്‍.എഫ് റാങ്കിങില്‍ രാജ്യത്തെ ആദ്യ 200 കലാലയങ്ങളില്‍ 42 എണ്ണം കേരളത്തില്‍ നിന്ന് ഉള്‍പ്പെട്ടിട്ടുണ്ട്. 21 ശതമാനം കലാലയങ്ങള്‍ കേരളത്തിലാണ്.

മതപരമായ സ്പര്‍ധ വളര്‍ത്തുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിഭാഗീയമാക്കുന്നതുമായ നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. ഈ നേട്ടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴാണ് ചാന്‍സിലറുടെ ഭാഗത്തുനിന്നും ആരോഗ്യപരമല്ലാത്ത സമീപനങ്ങള്‍ സര്‍വ്വകലാശാലകള്‍ക്ക് നേരെ ഉണ്ടാവുന്നത്. ഇവ നമ്മുടെ നേട്ടങ്ങളെ പിന്നോട്ട് വലിക്കുന്നതിനും ജനാധിപത്യപരമായ അന്തരീക്ഷം കലാശാലകളില്‍ നിന്ന് അകറ്റുന്നതിനും കാരണമാകുമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കാന്‍ അധ്യാപക സമൂഹം ശ്രമിക്കണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ അക്കാദമിക രംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്തി അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

അധ്യാപക പരിശീലനത്തിനായി ഹയര്‍ എജുക്കേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എക്‌സലന്‍സ് ആന്‍ഡ് ടീച്ചിങ് ലേണിംഗ് ആന്‍ഡ് ട്രെയിനിംഗ് സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാര്‍ഥികളെ കാലത്തിനനുസൃതമായ വൈജ്ഞാനിക അന്വേഷങ്ങളിലേക്ക് നയിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Posts