
ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ ആലപ്പുഴ സൈബർ പൊലീസ് കേസെടുത്ത അഞ്ച് പേരും കോൺഗ്രസ് അനുഭാവികളാണെന്ന വിവരം പുറത്ത്. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോൺസൺ ഏബ്രഹാം നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ ചൂണ്ടിക്കാട്ടിയ അഞ്ച് സമൂഹമാധ്യമ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണ് കേസ്. അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ മെറ്റയിൽ നിന്ന് പൊലീസ് തേടിയിട്ടുണ്ട്.
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കെ.സി. വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പ്രചാരണം നടന്നുവെന്നായിരുന്നു പരാതി. സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജൂലൈ 20ന് ജോൺസൺ ഏബ്രഹാം ഡിജിപിക്ക് പരാതി നൽകിയിരുന്നു. രണ്ട് മാസത്തോളം നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പരാതി നൽകി. തുടർന്ന് സൈബർ പൊലീസിന്റെ ചുമതലയുള്ള ഐജിക്ക് അന്വേഷണം ഏൽപ്പിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സിജു സാമുവൽ, കെ.പി. ഹംസ, ജാഫർ കെ. അലിയാർ തട്ടികുന്നത്ത്, അബ്ദുൽ ഖാദർ റെഷി, പി.സി. പുലാമന്തോൾ എന്നീ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് കെ.സി. വേണുഗോപാലിനെ അധിക്ഷേപിക്കുന്ന പ്രചാരണം നടന്നുവെന്നായിരുന്നു പരാതിയിലെ ആരോപണം. ഈ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് റിപ്പോർട്ട്.
അതേസമയം, തനിക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ കേസ് എടുക്കേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. എന്നാൽ സ്വന്തം നേതാവിനെ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നവർ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സൈബറിടത്തും അല്ലാതെയും നിരവധി ആക്രമണങ്ങൾ നേരിട്ടിട്ടുണ്ടെന്നും, ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് ആഗ്രഹമെന്നും വേണുഗോപാൽ വ്യക്തമാക്കി
