Your Image Description Your Image Description

കുവൈത്ത് സിറ്റി: സെപ്തംബർ 20 മുതൽ കുവൈത്തിൽ ചൂട് ഗണ്യമായി കുറയുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സുഹൈൽ സീസണിലെ മൂന്നാമത്തെ നക്ഷത്രമായ അൽ സുബ്രയുടെ ഉദയത്തോടെയാണ് ഈ മാറ്റം സംഭവിക്കുക. ഇത് ശരത്കാലത്തിൻ്റെ ആദ്യ സീസണായി കണക്കാക്കപ്പെടുന്നു. സെപ്തംബര്‍ 20 മുതൽ 13 ദിവസത്തേക്ക് സുബ്ര നക്ഷത്രത്തിന്‍റെ സ്വാധീനമുണ്ടാകുമെന്നും ഈ ദിവസങ്ങളിൽ താപനിലയിൽ വലിയ മാറ്റങ്ങൾ കാണാൻ സാധിക്കുമെന്നും അൽ ഉജൈരി പ്രസ്താവനയിൽ പറഞ്ഞു.

രാവിലെ ഈർപ്പം തുടരുമെങ്കിലും രാത്രികാലങ്ങളിൽ താപനില കുറയും. രാത്രിയിൽ മിതമായ താപനിലയും പുലർച്ചെ സുഖകരമായ കാലാവസ്ഥയും അനുഭവപ്പെടും. എന്നാൽ, ഉച്ച സമയങ്ങളിൽ ചൂടുള്ള കാറ്റും ഉയർന്ന താപനിലയും ഉണ്ടാകും. സെപ്തംബർ 22-ന് ഭൂമിയുടെ സൂര്യനുചുറ്റുമുള്ള ഭ്രമണത്തെ തുടർന്ന് ശരത്കാല വിഷുവം സംഭവിക്കും. ഈ ദിവസം സൂര്യൻ ഭൂമിയുടെ മധ്യഭാഗത്തായിരിക്കും. സുബ്ര നക്ഷത്രത്തിന്റെ സ്വാധീനമുള്ള സമയത്ത് പ്രത്യേകിച്ച് സെപ്റ്റംബർ 28-ന്, രാത്രിയും പകലും തുല്യമായിരിക്കുമെന്നും (12 മണിക്കൂർ വീതം) പിന്നീട് രാത്രിയുടെ ദൈർഘ്യം കൂടാൻ തുടങ്ങുമെന്നും അൽ ഉജൈരി സെന്റർ അറിയിച്ചു.

Related Posts