Your Image Description Your Image Description

തിരുവനന്തപുരം : സാംക്രമികേതര രോഗങ്ങളും കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല കൂടിയാലോചനായോഗം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമ്പൂർണ വളർച്ച ഉറപ്പാക്കുന്നതിനും മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നതിനും മാനസികാരോഗ്യം പരിപോഷിപ്പിക്കണമെന്ന് ചടങ്ങിൽ സംസാരിക്കവേ ചീഫ് സെക്രട്ടറി പറഞ്ഞു.

ഇഷ്ടമുള്ള കലാകായിക പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിലൂടെ സാമൂഹികമായി ഇടപഴകി ലഹരി പോലുള്ള വിപത്തുകളിൽ നിന്നും അകലം പാലിച്ച് നല്ല തലമുറയായി വളരുമെന്നും അവർ പറഞ്ഞു.സന്തോഷത്തോടെ ജീവിക്കാനുള്ള കുട്ടികളുടെ അവകാശം സംരക്ഷിക്കപ്പെടണം. ഇത് രക്ഷിതാക്കളുടേയും സമൂഹത്തിന്റേയും കൂട്ടായ ഉത്തരവാദിത്തമാണ്. സ്വതന്ത്രമായി വളരുന്നതിനാവശ്യമായ സാധ്യതകളും സാഹചര്യങ്ങളും ഒരുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. അണുകുടുംബങ്ങൾ വ്യാപകമായതോടെ കുട്ടികൾ ഒറ്റപ്പെടലുകൾ അനുഭവിച്ച് നിരാശയിലേക്ക് എത്തിപ്പെടുന്ന സാഹചര്യം കണ്ടുവരുന്നുണ്ട്. ബന്ധുക്കളുടെ ഒത്തുചേരലുകളൊക്കെ ഒഴിവാക്കി മൊബൈൽ ഫോണുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ ഒതുങ്ങിക്കൂടുന്ന അവസ്ഥക്ക് മാറ്റം വരണം.വിദ്യാലയങ്ങളിലെ കലാകായിക പ്രവർത്തനങ്ങൾക്കുള്ള ഇടം നഷ്ടപ്പെടുത്താനാകില്ല.

വിദ്യാലയങ്ങളിലെ ഇത്തരം ആക്ടിവിറ്റികളിലൂടെ ചെറുപ്പം മുതൽക്കേ ശാരീരിക മാനസിക ക്ഷമത വർദ്ധിപ്പിച്ച് ഫിറ്റ്നെസ് ഉണ്ടാക്കാൻ കഴിയും. സംഘങ്ങളായുള്ളതും വ്യക്തിഗതവുമായ കളികളിലൂടെ ജീവിതം കരുപ്പിടിപ്പിക്കേണ്ട പാഠങ്ങളാണ് അവർ സ്വായത്തമാക്കുന്നത്. സംസ്‌കരിച്ച ഭക്ഷണ സംസ്‌കാരം കുട്ടികളെ അനാരോഗ്യത്തിലേക്കാണ് നയിക്കുന്നത്. വീട്ടിലെ നാടൻ ഭക്ഷണ രീതി മാറി സംസ്‌കരിച്ച ഭക്ഷണങ്ങൾ ശീലമാക്കുന്നതാണ് രോഗങ്ങൾ വർദ്ധിക്കാൻ കാരണമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.കുട്ടികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും സമൂഹം വ്യക്തമായ പ്രതിബദ്ധത കാണിക്കുന്നുണ്ടെങ്കിലും സാംക്രമികേതര രോഗങ്ങളുടെ കാര്യത്തിൽ കുട്ടികൾ പലപ്പോഴും അവഗണിക്കപ്പെടുന്നതായി അദ്ധ്യക്ഷനായിരുന്ന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ പറഞ്ഞു.

കുട്ടികളിൽ സാംക്രമികേതര രോഗങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുകയും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ആരോഗ്യകരമായ ജീവിതശൈലി വളർത്താൻ പ്രേരിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.യുണിസെഫിന്റെ സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് കൗശിക് ഗാംഗുലി സാംക്രമികേതര രോഗങ്ങളും കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയം അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts