
കുടിയൊഴിപ്പിക്കപ്പെട്ട കരിമഠം കോളനിയിലെ കുടുംബങ്ങൾക്ക് അടിയന്തരമായി വീട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതി നേതാക്കൾ കൺവീനർ ഷാജി അട്ടക്കുളങ്ങരയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി. ഡി സതീശനെ കണ്ട് നിവേദനം കൈമാറുന്നു.
തിരുവനന്തപുരം: മൂന്ന് വർഷം മുമ്പ് ഫ്ലാറ്റ് നിർമാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട കരിമഠം കോളനിയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് സ്വന്തമായൊരു വീട് ലഭ്യമാക്കുന്നതിന് അടിയന്തരമായി ഭവന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കേരള മുഖ്യമന്ത്രി വി. ഡി സതീശൻ ജനകീയ സമര നേതാക്കൾക്ക് ഉറപ്പ് നൽകി. വെൽഫെയർ പാർട്ടി ചാല വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറെക്കാലമായി നടന്നുവരുന്ന ജനകീയ സമരത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ട കുടുംബങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പ്രതിനിധികൾ നേരിൽ കണ്ട് നിലവിലെ അവസ്ഥ വിശദീകരിച്ചു. സമര നേതാക്കൾ നൽകിയ നിവേദനം പരിശോധിച്ച മുഖ്യമന്ത്രി, വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ ഓഫീസ് അധികൃതർക്ക് നിർദ്ദേശം നൽകി. മൂന്ന് വർഷമായി വാടകവീടുകളിലും ദുരിത സാഹചര്യങ്ങളിലും കഴിയുന്ന കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഇടപെടൽ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ജനകീയ സമര സമിതി അറിയിച്ചു.
ഭവനരഹിതരായ കരിമഠം കോളനിയിലെ കുടുംബങ്ങൾ ഏറെക്കാലമായി നടത്തിവരുന്ന സമരത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി തദ്ദേശസ്വയം വകുപ്പ് മന്ത്രി കെ. എം ഷാജി, സ്ഥലം എംഎൽഎയും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ സി.പി ജോൺ എന്നിവരെ നേരിൽ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് ജനകീയ സമരസമിതി കൺവീനർ ഷാജി അട്ടകുളങ്ങര പറഞ്ഞു. കൂടാതെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ, വാർഡ് കൗൺസിലർ, നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവരെ സമരസമിതിയുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും ആവശ്യമായ രേഖകൾ കൈമാറുകയും ചെയ്തിരുന്നു. കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ ആവശ്യം പരിഗണിച്ച് കോർപ്പറേഷനിൽ നിന്നും പ്രത്യേകസംഘം കരിമഠം കോളനി സന്ദർശിച്ചിരുന്നുവെന്ന് സമരസമിതി കൺവീനർ പറഞ്ഞു. നിലവിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെയും നഗരസഭ അധികൃതരുടെയും ഭാഗത്തുനിന്നും പ്രതീക്ഷ പൂർണമായ പ്രതികരണം ആണെന്നും ഭവനനിർമാണം യാഥാർഥ്യമാകുന്നതുവരെ സമരം തുടരുമെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി.
