Home » Blog » Kerala » വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ ഓഫീസുകളിൽ റെയ്‌ഡ് നടന്ന സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്, അതാണ് ‘മാധ്യമ സ്വതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം’ ; അല്ലാതെ തട്ടിപ്പുകേസിൽ നടത്തുന്ന അന്വേഷണമല്ല – വി ടി ബല്‍റാം എംഎല്‍എ
11

കോഴിക്കോട്: ഏതെങ്കിലും വാർത്ത നൽകിയതിന്റെ പേരിലല്ല റിപ്പോർട്ടർ ടിവിക്കെതിരായ അന്വേഷണം, അതിൻ്റെ ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടേയും സാമ്പത്തിക തിരിമറികളുടേയും പേരിലാണെന്ന് വി.ടി ബൽറാം എം.എൽ.എ. ‘മാധ്യമ സ്വതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം’ എന്ന വ്യാഖ്യാനമൊക്കെ ബാലിശമാണ്. തട്ടിപ്പുകേസുകളിലും മറ്റ് ക്രിമിനൽക്കേസുകളിലും പോലീസ് റെയ്‌ഡ് നടത്തുമ്പോൾ ആരോപണവിധേയരുടേയും അവരുടെ അടുത്തയാളുകളുടേയും എല്ലാ പരിസരങ്ങളിലും ഒരേസമയം പരിശോധന നടത്തുകയും അവിടെയുള്ളവരുടെ ഫോണുകൾ തൽക്കാലത്തേക്ക് പിടിച്ചുവയ്ക്കുകയും ചെയ്യുന്നത് സാധാരണ നടപടിക്രമമാണ്. കോടതിയുടെ വാറണ്ട് അനുസരിച്ചുള്ള നിയമപരമായ പരിശോധനകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്. അതിനോട് സഹകരിക്കുക എന്നത് കുറ്റാരോപിതരുടേയും കൂടെയുള്ളവരുടേയും ഉത്തരവാദിത്തമാണെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ആവശ്യപ്പെട്ട മുറികൾ തുറന്നുനൽകാൻ സ്ഥാപനത്തിലുള്ളവർ തയ്യാറായില്ലെങ്കിൽ സ്വാഭാവികമായും അന്വേഷണസംഘത്തിന് മറ്റ് വഴി നോക്കേണ്ടിവരും. നൽകിയ വാർത്തകളുടെ പേരിൽ മാധ്യമ ഓഫീസുകളിൽ റെയ്‌ഡ് നടന്ന സംഭവങ്ങൾ ഈ കേരളത്തിൽത്തന്നെ അധികം മുൻപല്ലാത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. അതാണ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം, അല്ലാതെ ഇപ്പോഴത്തേത് പോലെ തട്ടിപ്പുകേസിൽ നടത്തപ്പെടുന്ന അന്വേഷണമല്ലെന്നും വി ടി ബല്‍റാം എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *