
ആലപ്പുഴ: കിഫ്ബിക്കെതിരായ വിദഗ്ധ സമിതി കണ്ടെത്തലുകളെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണങ്ങളെയും അതിരൂക്ഷമായി വിമർശിച്ച് തോമസ് ഐസക് രംഗത്ത്. കണ്ണൂരിൽ ആവശ്യത്തിലധികം ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണം പൂർണ്ണമായും തെറ്റാണെന്നും പ്രദേശത്തിന്റെ വികസന കാഴ്ചപ്പാട് മുൻനിർത്തി മാത്രമാണ് ഭൂമി ഏറ്റെടുത്തതെന്നും തോമസ് ഐസക് വ്യക്തമാക്കി. ദീർഘവീക്ഷണമില്ലാത്ത വിദഗ്ധ സമിതിയെയാണ് റിവ്യൂവിനായി നിയോഗിച്ചിരിക്കുന്നത്.
കണ്ണൂരിലെ ഭൂമി അഞ്ചിരട്ടി വില നൽകിയാണ് വാങ്ങിയതെന്ന വി.ഡി. സതീശന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും യു.പി.എ സർക്കാർ പാസാക്കിയ ഫെയർ കോംപൻസേഷൻ ആക്ട് പ്രകാരമാണ് തുക നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റെടുത്ത ഭൂമിയിൽ ചെറിയൊരു ഭാഗം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന സമിതിയുടെ വിമർശനത്തിന്, വൻകിട പദ്ധതികൾ പൂർണ്ണമായി വരാൻ സമയമെടുക്കുമെന്നും വ്യവസായങ്ങൾ വന്നതിനുശേഷമല്ല ഭൂമി ഏറ്റെടുക്കേണ്ടതെന്നും ഐസക് മറുപടി നൽകി. പകരമൊരു വികസന പദ്ധതി പോലും മുന്നോട്ടുവെക്കാതെ, കിഫ്ബിയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി തനിക്കൊരു സംവാദത്തിനില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.
അതേസമയം, കിഫ്ബി അവലോകന സമിതിയുടെ റിപ്പോർട്ടിന് പിന്നാലെ തോമസ് ഐസകിന്റെ അവകാശവാദങ്ങൾ തള്ളി വി.ഡി. സതീശനും രംഗത്തെത്തിയിട്ടുണ്ട്. കിഫ്ബിയുടെ പക്കൽ 30,000 കോടി രൂപ നീക്കിയിരിപ്പുണ്ടെന്ന തോമസ് ഐസകിന്റെ പ്രസ്താവന അസത്യമാണെന്ന് സതീശൻ ആരോപിച്ചു. കിഫ്ബിയുടെ ഓഡിറ്റ് രേഖകൾ പ്രകാരം 2026 മാർച്ച് 31-ലെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപ മാത്രമാണ്. ഇതിൽ ട്രഷറി ഫണ്ട് കിഴിച്ചാൽ യഥാർത്ഥ നിക്ഷേപം 6,521 കോടി രൂപ മാത്രമാണെന്നും എന്നാൽ കടബാധ്യത 32,000 കോടി രൂപയോളം ഉണ്ടെന്നും സതീശൻ വ്യക്തമാക്കി. ഈ പണം എവിടെപ്പോയെന്ന് മുൻ ചെയർമാൻ പിണറായി വിജയനും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
