Your Image Description Your Image Description

മാരുതി സുസുക്കി ബലേനോയില്‍ സ്റ്റാന്‍ഡേർഡായി ആറ് എയര്‍ബാഗ് പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയില്‍ സുരക്ഷക്കുള്ള പ്രാധാന്യം ഒട്ടും കുറയ്ക്കാൻ ടൊയോട്ടയും തയ്യാറല്ല. ഇന്ത്യയില്‍ ടൊയോട്ടയുടെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമായ ഗ്ലാന്‍സയില്‍ ഇനി മുതല്‍ 6 എയര്‍ബാഗുകളുടെ സുരക്ഷ എല്ലാ വകഭേദങ്ങളിലും ലഭ്യമാവും. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍പ്പെടുന്ന ടൊയോട്ട മോഡലാണ് ഗ്ലാന്‍സ. മാരുതി സുസുക്കി ബലേനോയുടെ ബാഡ്ജ് എന്‍ജിനിയേഡ് വകഭേദമാണ് ടൊയോട്ടയുടെ ഗ്ലാന്‍സ. ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ടയും സുസുക്കിയും തമ്മില്‍ തുടരുന്ന തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഫലമാണ് ഗ്ലാന്‍സ.

എന്‍ജിന്‍ അടക്കമുള്ള അടിസ്ഥാന ഭാഗങ്ങളില്‍ വ്യത്യാസമില്ലെങ്കിലും സ്‌റ്റൈലിങും ഫീച്ചറുകളുമാണ് ഗ്ലാന്‍സയേയും ബലേനോയേയും സവിശേഷമാക്കുന്നത്. ഗ്ലാന്‍സയുടെ അടിസ്ഥാനവകഭേദമായ ഇ എംടി(6.9 ലക്ഷം രൂപ) മുതല്‍ വി എഎംടി(10 ലക്ഷം രൂപ) വരെയുള്ളവയില്‍ 6 എയര്‍ബാഗുകള്‍ ലഭ്യമാവും. ഇ, എസ്, ജി, വി എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് നിലവില്‍ ഗ്ലാന്‍സ എത്തുന്നത്. എല്ലാ വകഭേദങ്ങളിലും 1.2 ലിറ്റർ 4 സിലിണ്ടര്‍ എന്‍എ പെട്രോള്‍ എന്‍ജിനാണ്. പെട്രോള്‍ എന്‍ജിന്‍ 89ബിഎച്ച്പി കരുത്തും പരമാവധി 113എന്‍എം ടോര്‍ക്കും പുറത്തെടുക്കും. സിഎന്‍ജിയാണെങ്കില്‍ കരുത്ത് 76ബിഎച്ച്പിയിലേക്കും ടോര്‍ക്ക് 98.5എന്‍എമ്മിലേക്കും കുറയും.

പൊതുവില്‍ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ പേരു കേട്ടവയാണ് മാരുതി സുസുക്കി മോഡലുകള്‍. എന്നാല്‍ ബലേനോയെ കടത്തിവെട്ടുന്ന ഇന്ധനക്ഷമതയുണ്ട് ടൊയോട്ട ഗ്ലാന്‍സക്ക്. പെട്രോളില്‍ ലീറ്ററിന് 22.9 കിലോമീറ്ററും സിഎന്‍ജിയില്‍ കിലോഗ്രാമിന് 30.61 കിലോമീറ്ററുമാണ് ഗ്ലാന്‍സയുടെ ഇന്ധനക്ഷമത. എബിഎസ്, ഇബിഡി, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, 3 പോയിന്റ് സീറ്റ് ബെല്‍റ്റ്, സീറ്റ്‌ബെല്‍റ്റ് മുന്നറിയിപ്പ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍.

അതേസമയം ഗ്ലാന്‍സയുടെ എല്ലാ മോഡലുകളിലും 6 എയര്‍ബാഗ് അവതരിപ്പിച്ചതിനൊപ്പം പ്രസ്റ്റീജ് എഡിഷനും ടൊയോട്ട പുറത്തിറക്കി. ഹൈറൈഡര്‍ പ്രസ്റ്റീജ് എഡിഷന്‍ പോലെ ഗ്ലാന്‍സയിലും പരിമിതമായ കാലത്തേക്ക് മാത്രമേ പ്രസ്റ്റീജ് എഡിഷന്‍ ടൊയോട്ട അവതരിപ്പിക്കൂ എന്നാണ് വിവരം. ഡോറുകളിലെ ക്രോം ആസെന്റുകള്‍, ഡോര്‍ വൈസറുകള്‍, ടെയില്‍ ലൈറ്റ ക്രോം ഗാര്‍ണിഷ്, ഓആര്‍വിഎം ക്രോം ഗാര്‍ണിഷ്, പിന്നിലെ ബംപറില്‍ ക്രോം ഗാര്‍ണിഷ്, തിളക്കമാര്‍ന്ന ഡോര്‍ സില്‍സ് എന്നിവയൊക്കെയാണ് ഗ്ലാന്‍സ പ്രസ്റ്റീജ് എഡിഷന്റെ പ്രധാന സവിശേഷതകള്‍

Related Posts