Your Image Description Your Image Description

സംസ്ഥാന കായകൽപ്പ് അവാർഡിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച ആലപ്പുഴ ജനറൽ ആശുപത്രിയിൽ സ്നേഹാദരവാഘോഷം സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ കെ കെ ജയമ്മ പരിപാടി ഉദ്ഘാടനം ചെയ്തു.

സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം
എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കാൻ സർക്കാർ നൽകുന്ന അവാർഡാണ് കായകൽപ്പ്. 2024-25 കാലയളവിലെ അവാർഡാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ജനറൽ ആശുപത്രിയെ 83 ശതമാനം മാർക്കോടെ കായകൽപ്പ് പുരസ്കാരത്തിന് അർഹരാക്കിയ ജീവനക്കാർക്കും പൊതുജനങ്ങൾക്കും വേണ്ടി സ്റ്റാഫ് കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ ജില്ലാ/ജനറൽ ആശുപത്രി വിഭാഗത്തിൽ ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി എന്നിവയ്ക്ക് കായകൽപ്പ് കമൻഡേഷൻ അവാർഡ് ലഭിച്ചു. മൂന്നുലക്ഷം രൂപയാണ് പുരസ്ക‌ാരം. താലൂക്ക് ആശുപത്രി വിഭാഗത്തിൽ കായംകുളം, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ മുതുകുളം, കുറത്തികാട്, അമ്പലപ്പുഴ, മാന്നാർ ആശുപത്രികളും പുരസ്‌കാരത്തിന് അർഹരായി. ഒരുലക്ഷം രൂപ വീതമാണ് പുരസ്കാരം.

ചടങ്ങിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷ എ എസ് കവിത, നഗരസഭാംഗങ്ങളായ റഹിയാനത്ത്, ഹെലൻ, ഡിഎംഒ ഡോ. ജമുനാ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. ആർ സന്ധ്യ, ആർഎംഒ ഡോ. എം ആശ, എആർഎംഒമാരായ ഡോ. സി പി പ്രിയദർശൻ, ഡോ. സെൻ, നഴ്സിംഗ് സൂപ്രണ്ട് രജിത, മറ്റ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts