Your Image Description Your Image Description

ഗൂഡല്ലൂര്‍: ഓവേലിയില്‍ ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്നു. ഓവേലിയിലെ കെയിന്റിലുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ പെരിയാര്‍നഗറിലെ ഷംസുദ്ദീനാണ് (58) കൊല്ലപ്പെട്ടത്. രണ്ടുമാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ ഓവേലിയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ഷംസുദ്ദീന്‍. ഓവേലിയിലെ ഡിആര്‍സി തേയിലത്തോട്ടത്തിലെ മേല്‍നോട്ടക്കാരനാണ് ഇയാൾ.

സ്‌കൂട്ടറില്‍ പതിവുപോലെ എസ്റ്റേറ്റിലേക്കുപോകുന്നതിനിടെയാണ് റോഡിലിറങ്ങിയ കാട്ടാനയുടെമുന്നില്‍ അകപ്പെട്ടത്. സ്‌കൂട്ടറൊഴിവാക്കി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്തുടര്‍ന്നെത്തിയ കാട്ടാന, ഷംസുദ്ദീനെ ചവിട്ടിക്കൊല്ലുകയായിരുന്നു. തലയിലും പുറത്തും സാരമായി പരിക്കേറ്റു. ബഹളംകേട്ട് ഓടിയെത്തിയവര്‍, കാട്ടാനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും കാട്ടാന നാട്ടുകാര്‍ക്കു നേരേ തിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

നേരത്തെ സംഭവസ്ഥലത്തു നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരെയാണ് ഓഗസ്റ്റ് 11-ന് ന്യൂഹോപ്പില്‍ മഞ്ജുശ്രീ പ്ലാന്റേഷന്റെ തേയിലത്തോട്ടത്തില്‍ ഫിറ്റര്‍ജോലി ചെയ്തിരുന്ന മണി (60) കൊല്ലപ്പെട്ടത്. ജൂലായ് 22-ന് കൊളപ്പള്ളിയിലെ അമ്മങ്കാവില്‍ ടാന്‍ടി തേയിലത്തോട്ടത്തിനുസമീപത്തെ ലയത്തിന്റെ മുറ്റത്ത് പാത്രങ്ങള്‍കഴുകുകയായിരുന്ന വീട്ടമ്മ ലക്ഷ്മി(70)യെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. തുടർച്ചയായുള്ള കാട്ടാനയാക്രമണത്തെ തുടർന്ന് ഗൂഡല്ലൂരിൽ വൻ പ്രതിഷേധവും പണിമുടക്കും തുടരുകയാണ്.

Related Posts