Your Image Description Your Image Description

എറണാകുളം : കര്‍ഷകരാണ് യഥാര്‍ത്ഥ രാഷ്ട്ര സേവകരെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് അങ്കമാലി (സി.എസ്.എ) സംഘടിപ്പിച്ച വിത്തും കൈക്കോട്ടും കാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു കാലത്ത് ജില്ലാ കളക്ടര്‍മാരേക്കാള്‍ വരുമാനമുണ്ടായിരുന്ന കര്‍ഷകരുടെ നിലവിലെ സ്ഥിതി ദുരിത പൂര്‍ണ്ണമാണ്. കാര്‍ഷിക മേഖലയിലെ കോര്‍പ്പറേറ്റ് വല്‍ക്കരണം ചെറുകിട കര്‍ഷകരുടെ ജീവിതം ദുഷ്‌കരമാക്കുന്നു. അതേസമയം കര്‍ഷക വിരുദ്ധ സമീപനങ്ങള്‍ ആരും ചര്‍ച്ച ചെയ്യാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും മന്ത്രി പറഞ്ഞു.

അനേകം കര്‍ഷകര്‍ മറ്റു തൊഴില്‍ മേഖലകളിലേക്ക് മാറുന്ന സ്ഥിതിയാണുള്ളത്. കാര്‍ഷിക മേഖലയെ ഉന്നതിയിലേക്ക് എത്തിക്കുന്നതിന് രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. കര്‍ഷക അനുകൂല പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

കാര്‍ഷികോത്സവത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സീഡിയോടെയുള്ള മൈക്രോ ഇറിഗേഷന്‍, സോളാര്‍ പദ്ധതികളെ കുറിച്ചും ഇവയുടെ ഗുണങ്ങളെ കുറിച്ചും കര്‍ഷകന്‍ കൂടിയായ മന്ത്രി വിശദീകരിച്ചു.

സി.എസ്.എ ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ സി.എസ്.എ പ്രസിഡന്റ് സി.കെ ഈപ്പന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വത്സലകുമാരി വേണു, എസ്. ജയദേവന്‍, ലതിക ശശികുമാര്‍, മുന്‍ മന്ത്രി അഡ്വ. ജോസ് തെറ്റയില്‍ കെ.ടി.ഡി.സി ഡയറക്ടര്‍ ബെന്നി മൂഞ്ഞേലി, അങ്കമാലി നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പോള്‍ ജോവര്‍, കൗണ്‍സിലര്‍ ടി.വൈ ഏല്യാസ്, സംഘാടക സമിതി അധ്യക്ഷന്‍ അഡ്വ. കെ.കെ ഷിബു, ജനറല്‍ കണ്‍വീനര്‍ വിഷ്ണു മാസ്റ്റര്‍, സി.എസ്.എ വൈസ് പ്രസിഡന്റ് എം.പി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് കൃഷിയും സംസ്‌കാരവും എന്ന വിഷയത്തില്‍ മുന്‍മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഭാഷണം നടത്തി. ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡ് ഫീല്‍ഡ് ഓഫീസര്‍ പി.കെ അബിന്‍, കൃഷി വകുപ്പ് മുന്‍ അസി. ഡയറക്ടര്‍ ബിജുമോന്‍ സക്കറിയ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.സംസ്ഥാന കൃഷി വകുപ്പ്, സി.എസ്.എ ലൈബ്രറി എന്നിവയുമായി സഹകരിച്ച് കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് അങ്കമാലി നടത്തിയ കാര്‍ഷികോത്സവത്തില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Related Posts