Your Image Description Your Image Description

കനത്ത മഴയിൽ  മുംബൈയിൽ മോണോറെയിൽ ട്രെയിൻ തകരാറിലായി. ഇന്ന് വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം. മുംബൈയില്‍ കനത്തമഴ തുടരുന്നതിനാലാണ് വൈദ്യുതിവിതരണം തകരാറിലായി ട്രെയിന്‍ നിശ്ചലമായതെന്ന് മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) വ്യക്തമാക്കി. 400ലധികം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ട്രെയിനാണ് കനത്ത മഴയിൽ തകരാറിലായത്.ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കില്‍ നിന്നുപോയത്. ഇതോടെ യാത്രക്കാര്‍ ഏറെനേരം ട്രെയിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്ക് ഇറക്കുന്നുണ്ട്. തിരക്ക് കാരണം ട്രെയിനിന്റെ ഒരു ഭാഗം ചരിഞ്ഞതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചു. ഹാർബർ ലൈൻ അടച്ചതിനാൽ നിരവധി യാത്രക്കാരെ മോണോറെയിലിലേക്ക് തിരിച്ചുവിട്ടു. അതാണ് തിരക്കിന് കാരണമെന്നും ഏക്‌നാഥ് ഷിൻഡെ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.വൈദ്യുതിവിതരണം തടസപ്പെട്ടതോടെ ട്രെയിനിലെ എയര്‍കണ്ടീഷന്‍ സംവിധാനവും തകരാറിലായി. ട്രെയിനിന്റെ വാതിലുകളും തുറക്കാന്‍ കഴിഞ്ഞില്ല. നിറയെ യാത്രക്കാരുണ്ടായതിനാല്‍ എ സി സംവിധാനം തകരാറിലായതോടെ പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ടെക്‌നീഷ്യന്‍മാര്‍ എത്തി ഏറെനേരം പരിശ്രമിച്ചശേഷമാണ് വാതിലുകള്‍ തുറക്കാനായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.വൈദ്യുതിവിതരണത്തിലുണ്ടായ തകരാര്‍ കാരണമാണ് ട്രെയിന്‍ ഉയരപ്പാതയില്‍ നിന്നുപോയതെന്ന് മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു. തങ്ങളുടെ ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് ടീമുകള്‍ സ്ഥലത്തുണ്ടെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. നിലവില്‍ വഡാലയ്ക്കും ചെമ്പൂരിനും ഇടയില്‍ സിംഗിള്‍ലൈനിലൂടെ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ പറഞ്ഞു.

 

 

 

Related Posts