
സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി മഴയെത്തുന്നു. സെപ്റ്റംബർ 6 ( വ്യാഴാഴ്ച) മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച എറണാകുളം, ആലപ്പുഴ ജില്ലകളിലും, വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ നാല് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മഴയെത്താൻ ദിവസങ്ങൾ ബാക്കിനിൽക്കെ, സംസ്ഥാനത്ത് സെപ്റ്റംബർ ഒമ്പത് വരെ ഉയർന്ന ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥയിലെ ഈ വ്യതിയാനത്തിന്റെയും ചൂടിന്റെയും പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
