
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് മഴ കനക്കുന്നത്. ഒക്ടോബർ 26 തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.
ഇന്ന് (ഒക്ടോബർ 24) തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഓറഞ്ച് അലേർട്ടും, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ഒക്ടോബർ 25) കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആയിരിക്കും. തിങ്കളാഴ്ച ഈ 12 ജില്ലകളിൽ യെല്ലോ അലേർട്ടായി മാറും.
കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ തുറക്കും. നിലവിലെ ജലനിരപ്പ് 77.27 മീറ്ററായതിനാൽ 6 സ്പിൽവേ ഷട്ടറുകളും 5 സെന്റിമീറ്റർ വീതം ഉയർത്താനാണ് തീരുമാനം. അണക്കെട്ടിനോട് ചേർന്നും പുഴയോരത്തും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെയും, കന്യാകുമാരി തീരത്ത് ഇന്നും രാത്രി 11.30 വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
