‘കഞ്ചാവ് ടൂറിസം’ അവസാനിപ്പിക്കാനൊരുങ്ങി തായ്‌ലാൻഡ്

തായ്‌ലാൻഡ് ആണ് ഏഷ്യയിൽ കഞ്ചാവ് ഉപയോഗം നിയമപരമാക്കിയ ആദ്യത്തെ രാജ്യം. എന്നാൽ ഈ നിയമം നടപ്പിൽ വന്നശേഷം മൂന്നുവർഷങ്ങൾക്കിപ്പുറം, വിനോദ ആവശ്യങ്ങൾക്കുള്ള കഞ്ചാവിന്റെ ഉപയോഗം അവസാനിപ്പിച്ചുകൊണ്ടുള്ള കർശനമായ പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് തായ്‌ലാൻഡ് സർക്കാർ. കഞ്ചാവ് നിയമപരമാക്കിയത് രാജ്യത്തിന്റെ ചില ഭാഗങ്ങളെ ‘കഞ്ചാവ് ടൂറിസം’ കേന്ദ്രങ്ങളാക്കി മാറ്റിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ബാങ്കോക്കിലെ തെരുവുകളിലൂടെ നടന്നാൽ, പല രൂപത്തിലുള്ള മരിജുവാന (കഞ്ചാവ്) വിൽക്കുന്ന താൽക്കാലിക കടകളും ചില്ലറ വിൽപ്പന കേന്ദ്രങ്ങളും കാണാം. നിങ്ങൾക്ക് ഇത് വലിക്കാം, ഇതിന്റെ എണ്ണ ഉപയോഗിക്കാം, അല്ലെങ്കിൽ ആദ്യമായി ഉപയോഗിക്കുന്നവർക്കിടയിൽ വളരെ പ്രചാരമുള്ള ഹാഷ് കുക്കീസുകൾ വാങ്ങാം. രാജ്യത്ത് വിനോദ ആവശ്യങ്ങൾക്കായി മരിജുവാന ഉൽപ്പന്നങ്ങളുടെ ഉത്പാദനവും വിൽപനയും 2022-ൽ നിയമപരമാക്കിയതിന് ശേഷമാണ് ഇതെല്ലാം സംഭവിച്ചത്.

സർക്കാരിന്റെ പുതിയ മാർ​ഗനിർദേശം അനുസരിച്ച്, കഞ്ചാവ് നിയമപരമായി വാങ്ങുന്നതിന് ഒരു ഡോക്ടറുടെ കുറിപ്പടി ആവശ്യമാണ്. പുതിയ നിയമം കാരണം സഞ്ചാരികൾക്കും നാട്ടുകാർക്കും കഞ്ചാവിന്റെ ഉപയോഗം ചികിത്സാ സംബന്ധവും ആരോഗ്യപരവുമായ ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. ഇത് ബാങ്കോക്കിലെ ഖാവോ സാൻ റോഡ്, പട്ടായ പോലുള്ള ബീച്ച് പട്ടണങ്ങൾ, മറ്റ് ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാപിച്ചിരുന്ന സ്വതന്ത്രവും കഞ്ചാവ് സൗഹൃദപരവുമായ അന്തരീക്ഷത്തിൽ വലിയ മാറ്റമാകും വരുത്തുക.

തായ്‌ലാൻഡ് പൊതുജനാരോഗ്യ മന്ത്രി സോംസാക് തേപ്‌സുതിൻ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞതിങ്ങനെ- ‘കഞ്ചാവ് വൈദ്യശാസ്ത്ര ഉപയോഗത്തിന് മാത്രമാണ് അനുവദനീയം. 2018 മുതൽ തായ്‌ലൻഡിൽ ചികിത്സാ ആവശ്യങ്ങൾക്കുള്ള മരിജുവാന നിയമപരമായിരുന്നെങ്കിലും, 2022-ലെ നിയമപരമായ അംഗീകാരം വിനോദപരമായ ഉപയോഗത്തിന് വഴി തുറന്നു. രാജ്യത്തുടനീളം 18,000-ത്തിലധികം ഔഷധശാലകളും കഞ്ചാവ് കഫേകളും മുളച്ചുപൊന്തി.

ഇതിൽ പലതും പ്രധാനമായും ലക്ഷ്യമിട്ടത് വിനോദസഞ്ചാരികളെയായിരുന്നു. ഇത് വിനോദപരമായ ഉപയോഗത്തിൽ വലിയ വർധനവിന് കാരണമായി. പ്രത്യേകിച്ച് ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലാണിത്. വിനോദസഞ്ചാരം, കഞ്ചാവ് ടൂറിസമായി മാറുന്നതിലുള്ള എതിർപ്പും പൊതുജനാരോഗ്യ ആശങ്കകളുമാണ് കഞ്ചാവിന്റെ ഉപയോഗം വൈദ്യശാസ്ത്ര ആവശ്യങ്ങൾക്കായി മാത്രം പരിമിതപ്പെടുത്താനുള്ള നീക്കത്തിലേക്ക് നയിച്ചത്’, അദ്ദേഹം വ്യക്തമാക്കി.

More From Author

Leave a Reply

Your email address will not be published. Required fields are marked *