Your Image Description Your Image Description

കൊച്ചി: നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള രണ്ട് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തു. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം കസ്റ്റംസ് നടത്തുന്ന പരിശോധനയിലാണ് നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള രണ്ട് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തത്. ഡിഫൻഡർ മോഡൽ വാഹനമുൾപ്പെടെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ, കൊച്ചി പനമ്പിള്ളി നഗറിലെ ദുൽഖറിന്റെ വീട്ടിലും തേവരയിലെ നടൻ പൃഥ്വിരാജിന്റെ വീട്ടിലും കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു.

ഇതിന് പുറമെ, മമ്മൂട്ടിയുടെ എളങ്കുളത്തുള്ള വീട്ടിലും സംഘം പരിശോധനയ്‌ക്കെത്തി. സിനിമ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനങ്ങളുടെ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്താനാണ് ഈ പരിശോധന. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ വാഹന ഇടപാടുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പിടിച്ചെടുത്തു. നികുതി വെട്ടിച്ച് വിദേശത്തുനിന്നും വാഹനങ്ങൾ കേരളത്തിലെത്തിച്ചതുമായി ബന്ധപ്പെട്ടാണ് ഈ നീക്കം.

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ 20 വാഹനങ്ങളിൽ 11 എണ്ണം കേരളത്തിൽ വിറ്റഴിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനങ്ങളിൽ ചിലത് കോഴിക്കോട്ടെ ഒരു യൂസ്ഡ് കാർ ഷോറൂമിൽ നിന്നും പിടിച്ചെടുത്തു. ഈ കേസിൽ ഉൾപ്പെട്ട ഇടനിലക്കാരുടെ വീടുകളിലും ഇപ്പോൾ പരിശോധന പുരോഗമിക്കുകയാണ്.

Related Posts