Home » Blog » Kerala » ഓണം വരെ താൽക്കാലികമായി നിർത്തുന്നു; ശേഷം മദ്യക്കുപ്പി തിരികെ വാങ്ങൽ പദ്ധതി പരിഷ്കാരങ്ങളോടെ വീണ്ടും നടപ്പാക്കും – എക്‌സൈസ് മന്ത്രി
17

തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ബെവ്‌കോ നിർത്തലാക്കിയെന്ന അറിയിപ്പിന് പിന്നാലെ വിശദീകരണവുമായി എക്‌സൈസ് മന്ത്രി എം. ലിജു. പദ്ധതി പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്നും, അത് നിർത്താനുള്ള തീരുമാനം തിരുത്തിയതായും മന്ത്രി അറിയിച്ചു. നിലവിൽ ഓണം വരെ പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കുകയും തുടർന്ന് ആവശ്യമായ പരിഷ്കാരങ്ങളോടെ വീണ്ടും നടപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

പദ്ധതിയോട് തനിക്ക് പ്രതികൂല അഭിപ്രായമില്ലെന്നും, ബെവ്‌കോ ജീവനക്കാർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് താൽക്കാലിക തീരുമാനം എടുത്തതെന്നും മന്ത്രി പറഞ്ഞു. നാളെ മുതൽ പദ്ധതി അവസാനിപ്പിക്കുമെന്നും, ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ നൽകിയാൽ ഇനി 20 രൂപ ലഭിക്കില്ലെന്നും ബെവ്‌കോ നേരത്തെ അറിയിച്ചിരുന്നു. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് 20 രൂപ അധികമായി ഈടാക്കുകയും, അതേ കുപ്പി തിരികെ നൽകിയാൽ ആ തുക മടക്കി നൽകുകയും ചെയ്യുന്ന സംവിധാനമായിരുന്നു പദ്ധതി.

എന്നാൽ, പദ്ധതി ആരംഭിച്ചതിന് പിന്നാലെ നിരവധി പരാതികളാണ് ഉയർന്നത്. കാലിക്കുപ്പികൾ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത് മദ്യശാലകളുടെ പ്രവർത്തനത്തെ ബാധിച്ചുവെന്നാണ് പ്രധാന പരാതി. സ്റ്റോക്ക് സൂക്ഷിക്കേണ്ട സ്ഥലത്തിന്റെ വലിയൊരു ഭാഗം കാലിക്കുപ്പികൾ നിറഞ്ഞതോടെ പുതിയ മദ്യശേഖരം സംഭരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടായി.കാലിക്കുപ്പികൾ കൈകാര്യം ചെയ്യുന്നത് ജീവനക്കാർക്കും അധിക ജോലിഭാരമുണ്ടാക്കിയിരുന്നു. കൂടാതെ മദ്യശാലകൾക്ക് സമീപം പ്ലാസ്റ്റിക് കുപ്പികൾ കുന്നുകൂടുന്നതും വിമർശനങ്ങൾക്ക് ഇടയാക്കി. ഇതിനെ തുടർന്ന് പദ്ധതി പിൻവലിച്ചതായി നോട്ടീസ് പ്രദർശിപ്പിക്കാൻ ബെവ്‌കോ നേരത്തെ ഔട്ട്‌ലെറ്റുകൾക്ക് നിർദേശം നൽകിയിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പദ്ധതി ആരംഭിച്ചത്. തെരഞ്ഞെടുത്ത ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വിൽക്കുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികളിൽ പ്രത്യേക ക്യൂആർ കോഡ് പതിപ്പിച്ച് 20 രൂപ അധികം ഈടാക്കുന്ന രീതിയായിരുന്നു നടപ്പാക്കിയത്. ക്യൂആർ കോഡുള്ള കാലിക്കുപ്പി അതേ ഔട്ട്‌ലെറ്റിൽ തിരികെ നൽകിയാൽ ഉപഭോക്താവിന് 20 രൂപ മടക്കി ലഭിക്കുന്ന സംവിധാനവുമായിരുന്നു. 2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 10 വരെ പദ്ധതി വഴി ഉപഭോക്താക്കൾക്ക് 6.63 കോടി രൂപ ബെവ്‌കോ തിരികെ നൽകിയതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.