Your Image Description Your Image Description

ലോസ് ആഞ്ജലസ്: 2028 ലോസ് ആഞ്ജലസ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയ ക്രിക്കറ്റ് മത്സരങ്ങളുടെ വേദിയില്‍ തീരുമാനമായി. കാലിഫോര്‍ണിയയിലെ പൊമോന ഫെയര്‍ഗ്രൗണ്ട്‌സിലായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി ഇന്നലെ അറിയിച്ചു. 1922 മുതല്‍ ലോസ് ആഞ്ജലസ് കൗണ്ടി ഫെയര്‍ ഉത്സവം നടക്കുന്ന ഈ വേദി പൊമോന ഫയര്‍പ്ലക്‌സ് എന്നും അറിയപ്പെടുന്നു. ലോസ് ആഞ്ജലസില്‍ നിന്ന് 50 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായാണ് ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്. ഏകദേശം 500 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന സ്ഥലമാണിത്.

അതേസമയം, ലോസ് ആഞ്ജലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റിന്റെ വേദി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ഐസിസി ചെയര്‍മാന്‍ ജയ്ഷാ അറിയിച്ചു. ഒളിമ്പിക്‌സില്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവിന്റെ ഒരുക്കത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പാണിതെന്നും അദ്ദേഹം അറിയിച്ചു. ലോസ് ആഞ്ജലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയതായി നേരത്തേ ഒളിമ്പിക് കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ മത്സരങ്ങളായിരിക്കും നടത്തുക. ആറുവീതം ടീമുകള്‍ക്ക് പങ്കെടുക്കാവുന്ന ടൂര്‍ണമെന്റ് ടി20 ഫോര്‍മാറ്റിലായിരിക്കും നടത്തുക. ഓരോ വിഭാഗത്തിലും പരമാവധി 90 അത്‌ലറ്റുകൾക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയത്.


അതിനാല്‍ ഓരോ ടീമും പതിനഞ്ചംഗ സ്‌ക്വാഡിനെയാണ് ഒളിമ്പിക്സിന് അണിനിരത്തുക. പുരുഷന്മാരില്‍ ഇന്ത്യയും വനിതകളില്‍ ന്യൂസിലന്‍ഡുമാണ് നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യന്മാര്‍. ക്രിക്കറ്റിന് പുറമേ നാല് മത്സരങ്ങള്‍ക്കൂടി ലോസ് ആഞ്ജലസ് ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബേസ്ബോള്‍, സോഫ്റ്റ്ബോള്‍, ഫ്ളാഗ് ഫുട്ബോള്‍, ലാക്രസ്, സ്‌ക്വാഷ് മത്സരങ്ങളാണ് അവ. ആതിഥേയരെന്ന നിലയ്ക്ക്, ഇരുവിഭാഗങ്ങളിലും അമേരിക്ക നേരിട്ട് യോഗ്യത നേടിയേക്കും. അങ്ങനെ വന്നാല്‍ ബാക്കി അഞ്ച് ടീമുകള്‍ക്ക് മാത്രമേ അവസരം ലഭിക്കൂ.128 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റ്, ഒളിമ്പിക്സിലേക്ക് തിരിച്ചുവരുന്നത്. 1900-ല്‍ പാരിസില്‍ നടന്ന ഒളിമ്പിക്സിലാണ് അവസാനമായി ക്രിക്കറ്റ് മത്സരം നടന്നത്. അന്ന് ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ രണ്ടുദിവസം നീണ്ടുനിന്ന മത്സരമാണ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts