ന്യൂഡൽഹി: ആഗോള വിപണിയിലെ എണ്ണ- വാതക പ്രതിസന്ധിയും വിതരണ തടസങ്ങളും കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക വിതരണത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന ‘ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ’ എന്ന നിയമമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിട്ടുള്ളത്. ഇതനുസരിച്ച്, ഒരു വീട്ടിൽ എൽപിജി (സിലിണ്ടർ) കണക്ഷനും പിഎൻജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) കണക്ഷനും ഒരേസമയം കൈവശംവെക്കാൻ അനുവാദമുണ്ടാകില്ല. പിഎൻജി ഉപയോഗിക്കുന്നവർ തങ്ങളുടെ എൽപിജി സിലിണ്ടറുകൾ എത്രയും വേഗം സറണ്ടർ ചെയ്യണമെന്ന് ഗ്യാസ് ഏജൻസികൾ അറിയിപ്പ് നൽകിത്തുടങ്ങി.
എന്താണ് പുതിയ നിയമം?
വീടുകളിൽ പിഎൻജി കണക്ഷൻ ഉണ്ടെങ്കിൽ, അവിടെ എൽപിജി സിലിണ്ടർ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാകും. ഇത്തരം വീടുകളിൽ സിലിണ്ടറുകൾ റീഫിൽ ചെയ്തു നൽകരുതെന്ന് എണ്ണക്കമ്പനികൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പാചകവാതക വിതരണത്തിലെ ഇരട്ടിപ്പ് ഒഴിവാക്കാനും അർഹരായവരിലേക്ക് മാത്രം ഇന്ധനം എത്തിക്കാനുമാണ് ഈ നീക്കം.
നിയമം കടുപ്പിക്കാൻ കാരണമെന്ത്?
പശ്ചിമേഷ്യൻ സംഘർഷങ്ങളും ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തിലെ തടസങ്ങളും ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യ, ഈ സാഹചര്യത്തിൽ ആഭ്യന്തര വിതരണം സുഗമമാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പിഎൻജി സൗകര്യമില്ലാത്ത വീടുകളിലേക്ക് എൽപിജി ലഭ്യത ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
നിയമം ലംഘിച്ചാൽ എന്ത് സംഭവിക്കും?
പുതിയ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മുൻകൂട്ടി അറിയിക്കാതെ തന്നെ എൽപിജി കണക്ഷൻ വിച്ഛേദിക്കൽ, പിഴ ഈടാക്കൽ, സിലിണ്ടർ റീഫിൽ ചെയ്യുന്ന സേവനം നിർത്തലാക്കുക തുടങ്ങിയ നടപടികളാണ് ഉണ്ടാവുക. നിലവിൽ ഏകദേശം 50,000-ത്തോളം ഉപഭോക്താക്കൾ ഇതിനോടകം തന്നെ തങ്ങളുടെ എൽപിജി കണക്ഷനുകൾ സറണ്ടർ ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ മൊബൈൽ നമ്പറിൽ എൽപിജി കണക്ഷൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാാം
https://mypngd.in എന്ന വെബ്സൈറ്റിൽ കയറുക. ‘മൊബൈൽ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ക്യാപ്ച കോഡും നൽകുക. മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകി ലോഗിൻ ചെയ്യുക. നിങ്ങളുടെ നമ്പറിൽ നിലവിൽ ഏതെങ്കിലും എൽപിജി കണക്ഷൻ ഉണ്ടോ എന്ന് ഇവിടെ കാണാൻ സാധിക്കും. ഇതുകൂടാതെ അതത് കമ്പനികളുടെ വെബ്സൈറ്റുകൾ വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ വിവരങ്ങൾ അറിയാവുന്നതാണ്. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനുള്ള സർക്കാരിന്റെ ഈ നീക്കത്തോട് സഹകരിക്കാനും പിഴകൾ ഒഴിവാക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
