Your Image Description Your Image Description

 ഓണക്കാലത്ത് ലോക റെക്കോർഡ് നേടി കോട്ടയം ലുലു മാൾ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ ഉയർത്തിക്കാട്ടുന്ന ഏറ്റവും വലിയ ഓണത്തപ്പൻ രൂപം ഒരുക്കിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. സാധാരണയായി ഓണത്തിനോട് അനുബന്ധിച്ച് കൊച്ചിയോ തിരുവനന്തപുരമോ പോലുള്ള നഗരങ്ങളിലെ മാളുകളാണ് ഇത്തരം ആഘോഷങ്ങളിൽ മുൻപന്തിയിൽ നിൽക്കാറ്. എന്നാൽ ഇത്തവണ കോട്ടയം ലുലു മാളാണ് ശ്രദ്ധാകേന്ദ്രമായത്.

ഷോപ്പിംഗ് മാളിൽ സ്ഥാപിച്ച ഏറ്റവും വലിയ ഓണത്തപ്പനാണ് വേൾഡ് റെക്കോർഡ്സ് യൂണിയന്‍റെ അംഗീകാരം നേടിയത്. കോട്ടയം ലുലു മാളിലെ റീട്ടെയിൽ ജനറൽ മാനേജരായ നിഖിൽ ജോസഫ്, വേൾഡ് റെക്കോർഡ്സ് യൂണിയൻ അഡ്ജൂഡിക്കേറ്ററായ നിഖിൽ ചിന്തക്കിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. വിവിധ വലുപ്പങ്ങളിലുള്ള അഞ്ച് ഓണത്തപ്പൻ രൂപങ്ങളാണ് മാളിനുള്ളിൽ കേരളീയ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.

ഈ ഓണത്തപ്പൻ രൂപങ്ങൾ ഒരു റെക്കോർഡ് നേട്ടത്തിനപ്പുറം, ഓണത്തിന്‍റെ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നു. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്നതിനും, ആഘോഷിക്കുന്നതിനുമുള്ള ലുലു ഗ്രൂപ്പിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നിർമ്മാണമെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ പറഞ്ഞു. ഓണക്കാലം കഴിയുന്നതുവരെ ഈ ഓണത്തപ്പൻ രൂപങ്ങൾ മാളിൽ പ്രദർശിപ്പിക്കും. കൂടാതെ, ഓണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും മാളിൽ നടക്കുന്നുണ്ട്.

Related Posts