Home » Blog » Kerala » “‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ വലയും, നാളെ യുദ്ധം അവസാനിച്ചാലും, അതിന്റെ പ്രത്യാഘാതങ്ങൾ ഇതിനകം ഉണ്ടായിക്കഴിഞ്ഞു, മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്തിലാകും” ; യുഎൻ മുന്നറിയിപ്പ്
5

ബാങ്കോക്ക്: യുഎസ്-ഇറാൻ യുദ്ധത്തിന്റെ ആഘാതങ്ങൾ മൂലം മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് യുഎൻ വികസന വിഭാഗം മേധാവി അലക്സാണ്ടർ ഡി ക്രൂ. കർഷകർ കൃഷിയിറക്കുന്ന സമയത്തുതന്നെ ഇന്ധന, വളം വിതരണത്തിലുണ്ടായ തടസ്സങ്ങൾ ഇതിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകൾ തടയപ്പെട്ടതോടെ, രൂക്ഷമായ വളം ക്ഷാമം കാർഷിക ഉൽപ്പാദനക്ഷമതയെ ഇതിനകം തന്നെ കുറച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ അറിയിച്ചതായാണ് റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെ വിളവെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന് മുൻ ബെൽജിയം പ്രധാനമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.

“ഏതാനും മാസങ്ങൾക്കുള്ളിൽ ഭക്ഷ്യക്ഷാമം അതിന്റെ പരമാവധിയിൽ എത്തും, അതിൽ നിങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല.” നിലവിലെ ഊർജ്ജക്ഷാമം, വിദേശത്തുനിന്നുള്ള പണമയക്കലിലെ കുറവ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രതിസന്ധികളെ പട്ടികപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

“നാളെ യുദ്ധം അവസാനിച്ചാൽ പോലും, അതിന്റെ പ്രത്യാഘാതങ്ങൾ ഇതിനകം ഉണ്ടായിക്കഴിഞ്ഞു, അവ മൂന്ന് കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും. കൃഷിക്കാവശ്യമായ വളത്തിന്റെ വലിയൊരു ഭാഗം മിഡിൽ ഈസ്റ്റിലാണ് ഉൽപ്പാദിപ്പിക്കുന്നത്. ആഗോള വിതരണത്തിന്റെ മൂന്നിലൊന്ന് കടന്നുപോകുന്നത് ഇറാനും അമേരിക്കയും നിയന്ത്രണത്തിനായി മത്സരിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയാണ്.

യുദ്ധം ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്നും ഇത് ലോകത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളെ കൂടുതൽ ബാധിക്കുമെന്നും ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി, യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം എന്നിവ ഈ മാസം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിസന്ധിയുടെ പാർശ്വഫലങ്ങൾ ഇതിനകം തന്നെ ആഗോള ജിഡിപിയുടെ ഏകദേശം 0.5% മുതൽ 0.8% വരെ ഇല്ലാതാക്കി. ഫണ്ട് കുറയുകയും സുഡാൻ, ഗാസ, ഉക്രെയ്ൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആവശ്യങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നത് മാനുഷിക പ്രവർത്തനങ്ങളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.” – അലക്സാണ്ടർ ഡി ക്രൂ പറഞ്ഞു.