ആലപ്പുഴ: ‘എൽഡിഎഫ് അല്ലാതെ മറ്റാര്’ എന്ന മുദ്രാവാക്യം ജനങ്ങളെ വെറുപ്പിച്ചെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം. ഇത് ‘അഹങ്കാര മുദ്രാവാക്യം’ എന്ന പ്രതീതി ഉണ്ടാക്കി. പിണറായിയുടെ ചിത്രം മാത്രം വച്ചപ്പോൾ ‘ഞാനല്ലാതെ മറ്റാര്’ എന്ന് ജനങ്ങൾക്ക് തോന്നി.
2016 ലെയും 21ലെയും മുദ്രാവാക്യങ്ങൾ ജനത്തെ അടുപ്പിച്ചു. 2026 ലെ മുദ്രാവാക്യം ജനത്തെ വെറുപ്പിച്ചു. പിണറായിയുടെ ചിത്രം മാത്രം വച്ചപ്പോൾ ‘ഞാനല്ലാതെ മറ്റാര്’ എന്ന് ജനങ്ങൾക്ക് തോന്നി.’കടക്ക് പുറത്ത്’ മുദ്രാവാക്യവും ജനങ്ങൾ ഓർത്തുവച്ചു. സ്വന്തം മണ്ഡലത്തിൽ തുടക്കത്തിൽ പിന്നിൽ പോയത് പാർട്ടി മാത്രമല്ല, പിണറായിയും പരിശോധിക്കണമെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
കയർ മേഖലയെ പി.രാജീവ് തകർത്തെന്നും വിമർശനം ഉയർന്നു. മുതലാളിമാർക്ക് വേണ്ടി മാത്രമാണ് രാജീവ് പ്രവർത്തിച്ചത്. ജി.സുധാകരനും തോമസ് ഐസക്കും കയർ വകുപ്പ് നല്ല വരുമാനമുള്ള മേഖലയാക്കി. ഇത് അഞ്ചുവർഷംകൊണ്ട് പി.രാജീവ് തകർത്തെന്നും വിമർശനമുയര്‍ന്നു.
തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിലും പാർട്ടി നേതൃത്വത്തിന്റെ ശൈലിക്കെതിരെ അംഗങ്ങൾ ശക്തമായി രംഗത്തുവന്നു. പാർട്ടി നേതൃത്വം ജനങ്ങളോട് മര്യാദപൂർവം പെരുമാറാത്തതാണ് തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പ്രധാന കാരണമെന്ന് യോഗത്തിൽ വിമർശനമുയർന്നു
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയം മുൻകൂട്ടി കണ്ട് തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. മണ്ഡലങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിലും പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിലും പാർട്ടിയുടെ ഒരു ഘടകവും മുന്നോട്ടുവന്നില്ല. പാർട്ടിയുടെ ശക്തമായ കോട്ടയായ കണ്ണൂരിലെ ശക്തികേന്ദ്രങ്ങളിൽ നിന്ന് പോലും വോട്ടുകൾ എതിർപാളയത്തിലേക്ക് പോയത് അതീവ ഗൗരവത്തോടെ കാണണമെന്ന് തൃശൂർ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ വലിയൊരു ശുദ്ധികലശം വേണമെന്ന ആവശ്യമാണ് തൃശൂരിൽ നിന്നും ഉയരുന്നത്. പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർക്കെതിരെയാണ് വിമർശനങ്ങളുണ്ടായത്.
ഇരുവരെയും നിലവിലെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തി, താഴെത്തട്ടിലുള്ള അണികളെ കേട്ടും ജനങ്ങളിലേക്ക് ഇറങ്ങിയും പാർട്ടി പുതിയ രീതിയിൽ മുന്നോട്ടുപോകണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
