അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ബിസിനസ്സ് സ്ഥാപനങ്ങൾക്കും നിലവിലുള്ളതും ഭാവിയിൽ വരാവുന്നതുമായ എല്ലാ നികുതി ഓഡിറ്റുകളിൽ നിന്നും അന്വേഷണങ്ങളിൽ നിന്നും ആജീവനാന്ത പ്രതിരോധം അനുവദിച്ച് അമേരിക്കൻ നീതിന്യായ വകുപ്പ്. 2018-2020 കാലഘട്ടത്തിൽ ട്രംപിന്റെ നികുതി വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നതുമായി ബന്ധപ്പെട്ട് ഇന്റേണൽ റവന്യൂ സർവീസിനെതിരെ ട്രംപ് നൽകിയ 10 ബില്യൺ ഡോളറിന്റെ കേസ് ഒത്തുതീർപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം. ആക്ടിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ ഒപ്പിട്ട ഏക പേജ് രേഖയിലാണ് ട്രംപിനെതിരെയുള്ള നികുതി ക്ലെയിമുകൾ പിന്തുടരുന്നതിൽ നിന്ന് അധികാരികളെ എന്നെന്നേക്കുമായി വിലക്കിക്കൊണ്ടുള്ള നിർദ്ദേശമുള്ളത്. ഔദ്യോഗിക പ്രഖ്യാപനങ്ങളോ പത്രക്കുറിപ്പുകളോ ഇല്ലാതെ നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ മാത്രമാണ് ഈ രേഖ പോസ്റ്റ് ചെയ്തത്.
ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കളും നിയമവിദഗ്ധരും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടം വലിയ തോതിലുള്ള അഴിമതിയിലും സ്വാർത്ഥ താൽപ്പര്യങ്ങളിലുമാണ് ഏർപ്പെടുന്നതെന്ന് കാലിഫോർണിയയിൽ നിന്നുള്ള സെനറ്റർ ആദം ഷിഫ് ആരോപിച്ചു. ടോഡ് ബ്ലാഞ്ചെയുടെ സഹായത്തോടെ നികുതി വെട്ടിപ്പ് നടത്തുന്ന പ്രസിഡന്റും കുടുംബവും രാജ്യത്ത് പ്രത്യേക ഇളവുകൾ നേടിയെടുക്കുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചു.
അതേസമയം, മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കീഴിൽ വൈറ്റ് ഹൗസ് ചീഫ് എത്തിക്സ് അഭിഭാഷകനായിരുന്ന റിച്ചാർഡ് പെയിന്റർ ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. കോൺഗ്രസ് അനുവദിക്കുന്ന ശമ്പളമല്ലാതെ അമേരിക്കൻ സർക്കാരിൽ നിന്ന് പ്രസിഡന്റിന് മറ്റ് ലാഭമോ ആനുകൂല്യങ്ങളോ സ്വീകരിക്കാൻ കഴിയില്ലെന്ന ‘ഭരണഘടനാ വ്യവസ്ഥയുടെ’ ലംഘനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ നീതിന്യായ വകുപ്പോ ട്രംപ് ഓർഗനൈസേഷനോ തയ്യാറായിട്ടില്ല.
ഈ വിവാദങ്ങൾക്കിടയിലാണ് രാഷ്ട്രീയ പ്രേരിതമായ നിയമനടപടികൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാനെന്ന പേരിൽ ട്രംപ് “ആന്റി-വെപ്പണൈസേഷൻ ഫണ്ട്” രൂപീകരിച്ചിരിക്കുന്നത്. എന്നാൽ ഈ ഫണ്ട് ട്രംപിന്റെ സഖ്യകക്ഷികൾക്ക് വഴിവിട്ട് പണം നൽകാനുള്ള ഒരു ‘സ്ലഷ് ഫണ്ട്’ ആയി മാറുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകുന്നു. 1.776 ബില്യൺ ഡോളർ മൂല്യമുള്ള ഈ ഫണ്ടിന്റെ വിതരണ ചുമതല അഞ്ചംഗ കമ്മീഷനാണ്. ഇതിൽ നാല് പേരെയും നിയമിക്കുന്നത് ട്രംപിന്റെ മുൻ സ്വകാര്യ അഭിഭാഷകൻ കൂടിയായ ടോഡ് ബ്ലാഞ്ചെയാണ്. എന്നാൽ ഡെമോക്രാറ്റിക് സെനറ്റർമാരുമായുള്ള തർക്കത്തിനിടയിൽ ബ്ലാഞ്ചെ ഈ ആരോപണങ്ങൾ നിഷേധിച്ചു. ഫണ്ട് പക്ഷപാതപരമായി ഉപയോഗിക്കില്ലെന്നും, ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ ഉൾപ്പെടെ രാഷ്ട്രീയ വേട്ടയാടലിന് ഇരയായെന്ന് വിശ്വസിക്കുന്ന ആർക്കും ഈ ഫണ്ടിനായി അപേക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
