ബിഹാറിലെ വിനോദസഞ്ചാര മേഖലയിൽ പുതിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ‘മുഖ്യമന്ത്രി ബിഹാർ ഹെലി-ടൂറിസം ആൻഡ് എയർ ടൂറിസം സർവീസ് സ്‍കിം-2026’ നിലവിൽ വന്നു. പട്നയിലെ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സമ്രാട് ചൗധരി, ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവർ ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പട്ന, രാജ്ഗിർ, വാൽമീകിനഗർ, കൈമൂർ തുടങ്ങിയ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഹെലികോപ്റ്റർ സർവീസ് ആരംഭിക്കുന്നത്. സാധാരണക്കാർക്കും ഈ ആഡംബര യാത്ര ലഭ്യമാക്കുന്നതിനായി സർക്കാർ ടിക്കറ്റ് നിരക്കിൽ സബ്‌സിഡി നൽകുന്നുണ്ട്. ജൂലൈ 13 മുതൽ ഇതിനായുള്ള ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ജൂലൈ 18 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും സ്ഥിരമായി സർവീസുകൾ ലഭ്യമാകും.
വിനോദസഞ്ചാര പദ്ധതികൾ അടുത്ത മൂന്ന്-നാല് വർഷത്തിനുള്ളിൽ ലാഭകരമായ രീതിയിൽ വികസിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കി ബിഹാറിനെ ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി റോപ്പ്‌വേ പദ്ധതികൾക്കും സർക്കാർ മുൻഗണന നൽകുന്നുണ്ട്. പട്നയിലെ ജെപി ഗംഗാ പഥിൽ നിന്ന് സോനേപൂരിലെ ഹരിഹർനാഥ ക്ഷേത്രത്തിലേക്ക് ഗംഗയ്ക്ക് മുകളിൽ റോപ്പ്‌വേ സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ സർക്കാർ പരിശോധിച്ചുവരികയാണ്.
വിനോദസഞ്ചാരത്തോടൊപ്പം വരുമാന വർദ്ധനവും ലക്ഷ്യമിട്ടുള്ളതാണ് പുതിയ പദ്ധതികൾ. പട്നയിലെയും ബോധ്ഗയയിലെയും പുതിയ ഹോട്ടൽ നിർമ്മാണ പദ്ധതികളിലൂടെ വർഷത്തിൽ കോടിക്കണക്കിന് രൂപ റോയൽറ്റിയായി ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ബാങ്കിപൂർ ബസ് സ്റ്റാൻഡ് ഭൂമിയിലെ ഹോട്ടലിൽ നിന്ന് 17 കോടിയും, അശോക ഹോട്ടൽ ഭൂമിയിലെ പദ്ധതിയിൽ നിന്ന് 8.5 കോടിയും, ബോധ്ഗയയിലെ ഹോട്ടലിൽ നിന്ന് 9 കോടി രൂപയുമാണ് പ്രതിവർഷം പ്രതീക്ഷിക്കുന്ന വരുമാനം.
ബിഹാറിന്റെ പൈതൃകവും സംസ്കാരവും ലോകത്തിന് മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാൻ ഓരോ പൗരനും ടൂറിസം അംബാസഡർമാരായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഈ പദ്ധതി ബിഹാറിന്റെ വിനോദസഞ്ചാര മേഖലയിൽ ഒരു പുതിയ കാലഘട്ടത്തിന് തന്നെ തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
