Home » Blog » crime » എസ്‌ഐയെ ഉറക്ക ​ഗുളിക നൽകി മയക്കിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു; ഭാര്യ അറസ്റ്റിൽ, കൂട്ടുപ്രതിക്കായി തിരച്ചിൽ
Crime Scene | Representative Image (Photo: IANS)

പ്രതീകാത്മക ചിത്രം (Photo: IANS)

ചെന്നൈ: ചെന്നൈയിൽ സബ് ഇൻസ്‌പെക്ടറെ ഭാര്യ തീകൊളുത്തിക്കൊന്നു. സായുധസേനയിൽ സബ് ഇൻസ്‌പെക്ടറായ രാജി(58)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജിയുടെ ഭാര്യ, കന്യാകുമാരി നുങ്കമ്പാക്കം സ്വദേശിനി സെൽവറാണിയെ (58) പോലീസ് അറസ്റ്റ് ചെയ്തു. സെൽവറാണി രാജിയെ ഉറക്കഗുളിക നൽകി മയക്കിയശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ ദേവ എന്നയാൾക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

ശനിയാഴ്ച നുങ്കമ്പാക്കത്തെ ലേക്ക് ഏരിയയിലുള്ള വീട്ടിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് രാജിയെ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം നുങ്കമ്പാക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് രാജിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. അന്വേഷണത്തിനിടെ സെൽവറാണി നൽകിയ മൊഴികളിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവിന്റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് ദേവയുടെ സഹായത്തോടെ തീകൊളുത്തിയതായി സെൽവറാണി സമ്മതിച്ചതെന്ന് പോലീസ് പറയുന്നു. പിന്നാലെ സെൽവറാണിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ ദേവ ഒളിവിലാണെന്നും ഇയാളെ കണ്ടെത്തുന്നതിനായി പ്രത്യേക പോലീസ് സംഘങ്ങൾ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ സാഹചര്യങ്ങളും കൃത്യമായ ലക്ഷ്യവും കണ്ടെത്തുന്നതിനായി സെൽവറാണിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.

അതേസമയം, രാജിക്കെതിരെ നേരത്തെയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നതായാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. 2025ൽ അഞ്ച് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് തൗസൻഡ് ലൈറ്റ്സ് ഓൾ വിമൻ പോലീസ് സ്റ്റേഷനിൽ രാജിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നതെന്നാണ് വിവരം. അതേസമയം, ഭർത്താവിനെ കൊലപ്പെടുത്താൻ സെൽവറാണിയെ പ്രേരിപ്പിച്ചതെന്താണെന്നും ദേവയുടെ പങ്ക് എന്താണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *