
തിരുവനന്തപുരം: സി.എം.ആർ.എൽ. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം നടത്തുന്നതിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം പ്രവർത്തിക്കുക.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ മകൾ വീണ വിജയൻ വഴി സി.എം.ആർ.എൽ. കമ്പനിയിൽ നിന്ന് വലിയ തുക കൈക്കൂലിയായി വാങ്ങിയെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. പിണറായി വിജയനും മകൾ വീണയ്ക്കൊപ്പം ഭർത്താവ് മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കണമെന്നായിരുന്നു ഇ.ഡി.യുടെ പ്രധാന ആവശ്യം. ഡി.ജി.പി. ഈ കത്ത് തുടർനടപടികൾക്കായി സർക്കാരിന് കൈമാറുകയായിരുന്നു.
തുടർന്ന് ഈ വിഷയത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. ഇ.ഡി.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിയമപരമായ തടസ്സങ്ങളില്ലെന്ന വ്യക്തമായ നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് സർക്കാർ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിക്കുകയും പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരിക്കുന്നത്.
