Your Image Description Your Image Description

നിലവിലെ ഭരണസമിതികളുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്) കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. എംസിഎഫ് പ്രവര്‍ത്തന നടപടികള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന ശുചിത്വ മിഷന്‍ യോഗത്തിലാണ് നിര്‍ദേശം. എംസിഎഫ് നിലവില്‍ സ്ഥാപിച്ചിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കണം. പണി പൂര്‍ത്തികരിച്ചിട്ടും പ്രവര്‍ത്തനം തുടങ്ങാത്ത പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പ്രശ്നങ്ങളും യോഗം ചര്‍ച്ച ചെയ്തു.

 

എംസിഎഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ആവശ്യമായ സ്ഥലങ്ങളില്‍ പോലീസ് സുരക്ഷയൊരുക്കി നിര്‍മാണം പൂര്‍ത്തിയാക്കാനും നിര്‍മാണം പൂര്‍ത്തിയായ എംസിഎഫുകള്‍ ഉടന്‍ തുറക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പഞ്ചായത്തുകളില്‍ 1000വും നഗരസഭകളില്‍ 3000വും ചതുരശ്ര അടിയിലാണ് ഹരിത കര്‍മസേന ശേഖരിക്കുന്ന പാഴ്‌വസ്തുക്കള്‍ താല്‍ക്കാലികമായി സൂക്ഷിക്കുന്നതിനുള്ള എംസിഎഫുകള്‍ സ്ഥാപിക്കുന്നത്.

താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ ടി രാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Posts