Your Image Description Your Image Description

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ സെപ്തംബര്‍ 12 വെള്ളിയാഴ്ച രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്യും. 152 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 452 വോട്ടുകള്‍ നേടിയായിരുന്നു സി പി രാധാകൃഷ്ണന്റെ വിജയം. 300 വോട്ടുകള്‍ ആണ് ഇന്‍ഡ്യാ മുന്നണി സ്ഥാനാര്‍ത്ഥി ബി സുദര്‍ശന്‍ റെഡ്ഡി നേടിയത്. 15 വോട്ടുകള്‍ അസാധുവായി. പ്രതിപക്ഷ മുന്നണിയ്ക്ക് ലഭിക്കേണ്ടിയിരുന്ന 14 വോട്ടുകള്‍ സി പി രാധാകൃഷ്ണന് അധികമായി ലഭിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നായിരുന്നു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്‍. തെക്കേന്ത്യയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് സി പി രാധാകൃഷ്ണന്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മഹാരാഷ്ട്ര ഗവർണറായിരുന്നു. ജാർഖണ്ഡ്, തെലങ്കാന ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

അതെ സമയം, രാവിലെ 10 മണിക്ക് പുതിയ പാർലമെന്റ് മന്ദിരത്തിലെ എഫ് 101 നമ്പർ മുറിയിൽ ആണ് വോട്ടെടുപ്പ് ആരംഭിച്ചത്. 12 എംപിമാർ ഒഴികെ ബാക്കി എല്ലാവരും വോട്ട് രേഖപ്പെടുത്തി. ഭരണകക്ഷിയായ എൻഡിഎയുടെയും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെയും സ്ഥാനാർത്ഥികൾ തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് പാർലമെന്റ് സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ വോട്ടർമാരിൽ ഒരാളായിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതൽ തന്നെ എംപിമാർ നീണ്ട നിരയിൽ കാത്തുനിന്നു. കേരളത്തിൽ നിന്നുള്ള മിക്ക എംപിമാരും ഒന്നിച്ച് എത്തിയാണ് വോട്ട് ചെയ്തത്. ശശി തരൂരിനെപ്പോലുള്ള പ്രമുഖർ ഉച്ചയ്ക്ക് മുൻപ് തന്നെ വോട്ട് രേഖപ്പെടുത്തി.

പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ രാവിലെ 11 മണിയോടെ ഒരുമിച്ചെത്തി വോട്ട് ചെയ്തു. ‘മനസാക്ഷി വോട്ട്’ ചെയ്യണമെന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ ആഹ്വാനം തിരഞ്ഞെടുപ്പിന് പുതിയ മാനങ്ങൾ നൽകി. ഭരണപക്ഷത്തെ ചില എംപിമാരുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം ഈ ആഹ്വാനം നടത്തിയത്. ഇത് ബിജെപിയുടെ കടുത്ത വിമർശനത്തിന് ഇടയാക്കി. പ്രതിപക്ഷ സ്ഥാനാർത്ഥിയായ എസ്. സുദർശൻ റെഡ്ഡി വിജയം ഉറപ്പാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എന്നാൽ, എൻഡിഎ ക്യാമ്പ് തങ്ങളുടെ വോട്ടുകൾ ചോരാതിരിക്കാൻ അതീവ ജാഗ്രത പുലർത്തി. എൻഡിഎ എംപിമാരെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിലാണ് വോട്ട് ചെയ്യാൻ എത്തിച്ചത്. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയ ദക്ഷിണേന്ത്യൻ എംപിമാരുടെ ചുമതല ഏറ്റെടുത്തു. എൻഡിഎയുടെ ഒരു വോട്ട് പോലും നഷ്ടമാകില്ലെന്ന് ഭരണകക്ഷി നേതാക്കൾ ഉറപ്പിച്ചു പറഞ്ഞു. അതേസമയം, എൻസിപി (അജിത് പവാർ പക്ഷം) എംപി പ്രഫുൽ പട്ടേൽ, പ്രതിപക്ഷത്തിന്റെ ചില വോട്ടുകൾ എൻഡിഎ സ്ഥാനാർത്ഥിയായ സി.പി. രാധാകൃഷ്ണന് ലഭിക്കുമെന്നും അദ്ദേഹം വിജയിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

 

 

Related Posts