Home » Blog » Kerala » ഉപഭോഗം കുത്തനെ കൂടി; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെ.എസ്.ഇ.ബി അറിയിപ്പ്
lightbulblit-57a5bf6b5f9b58974aee831e

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക മുന്നറിയിപ്പ്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമല്ലാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതും കണക്കിലെടുത്താണ് നടപടി. ഇന്ന് വൈകുന്നേരം 6.45 മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. എങ്കിലും പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുന്ന മുറയ്ക്ക് ഈ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

 

എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഇപ്പോഴും ഉയർന്ന നിലയിൽത്തന്നെ തുടരുകയാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് വൈദ്യുതി ഡിമാൻഡിൽ ഏകദേശം 1200 മെഗാവാട്ടിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് മഴ പെയ്യുന്നുണ്ടെങ്കിലും വൈദ്യുതിയുടെ ആവശ്യകതയിൽ കാര്യമായ കുറവൊന്നും വന്നിട്ടില്ല. ഇന്ന് ഏകദേശം 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് വൈകുന്നേരം 6 മുതൽ രാത്രി 8 വരെ ലഭ്യമാകില്ല. അതേസമയം, കെ.എസ്.ഇ.ബിയുടെ ഊർജ്ജിതമായ ശ്രമങ്ങളെത്തുടർന്ന് ഹരിയാനയിൽ നിന്നും 50 മെഗാവാട്ട് വൈദ്യുതി ഇന്ന് അധികമായി തരപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.

 

രാജ്യത്താകമാനം വൈദ്യുതിയുടെ ആവശ്യകത വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതയിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ദേശീയതലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12000 മെഗാവാട്ടിന്റെ കുറവ് ഇതുവരെ പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. രാജ്യത്ത് മൊത്തത്തിലുള്ള വൈദ്യുതി ആവശ്യം 5000 മെഗാവാട്ട് വരെ വർദ്ധിക്കാനും, കാറ്റിന്റെ ലഭ്യത കുറയുന്നതുമൂലം വിൻഡ് ജനറേഷനിൽ 5000 മെഗാവാട്ട് വരെ കുറവ് വരാനും സാധ്യതയുണ്ടെന്ന് ഗ്രിഡ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ പീക്ക് സമയങ്ങളിൽ ഗ്രിഡ് ഫ്രീക്വൻസി ക്രമാതീതമായി കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *