Your Image Description Your Image Description

ലഖ്‌നൗ: ഫറൂഖാബാദിൽ കാണാതായ 52-കാരിയായ റാണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 26-കാരനായ കാമുകൻ അരുൺ രജ്പുത്തിനെ യു.പി. പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 11-ന് മെയിൻപുരിയിൽ ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിയുന്നത്.

പോലീസ് പറയുന്നതനുസരിച്ച്, ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പ്രായം കുറവാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ റാണി സോഷ്യൽ മീഡിയ ഫിൽട്ടറുകൾ ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഒന്നര വർഷം നീണ്ട ബന്ധത്തിനിടെ റാണി, അരുണിന് ഏകദേശം 1.5 ലക്ഷം രൂപ നൽകിയിരുന്നു. പിന്നീട്, റാണി വിവാഹത്തിനായി നിർബന്ധിക്കുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തതോടെ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായി.

ഓഗസ്റ്റ് 10-ന് അരുൺ റാണിയെ മെയിൻപുരിയിലേക്ക് വിളിച്ചുവരുത്തി. പണത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്കിടുകയും, തുടർന്ന് അരുൺ റാണിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

തുടക്കത്തിൽ മൃതദേഹം തിരിച്ചറിയാൻ കഴിയാതിരുന്ന പോലീസ് സമീപ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ വിവരങ്ങൾ കൈമാറി. ഫറൂഖാബാദിൽ നിന്ന് ലഭിച്ച കാണാതായ പരാതിയുമായി മൃതദേഹത്തിൻ്റെ വിവരങ്ങൾ ഒത്തുനോക്കിയാണ് പോലീസ് റാണിയെ തിരിച്ചറിഞ്ഞത്.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. റാണിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചാൽ അവൾ പോലീസിനെയോ കുടുംബത്തെയോ സമീപിക്കുമെന്ന് ഭയപ്പെട്ടിരുന്നതായി അരുൺ രജ്പുത് പോലീസിനോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനായി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു. പ്രതിയെ ജയിലിലേക്ക് അയച്ചതായി സിറ്റി പോലീസ് മേധാവി അരുൺ കുമാർ സിംഗ് അറിയിച്ചു.

Related Posts