Home » Blog » Kerala » ഇപിഎഫ്ഒ സേവനങ്ങളിൽ താൽക്കാലിക തടസ്സം; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ.
images (45)

ഇപിഎഫ്ഒയുടെ ഇ-ഓഫീസ് സേവനങ്ങൾ ഓഗസ്റ്റ് 5-ന് താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അറിയിച്ചു. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ ഇ-ഓഫീസ് വിഭാഗം നടത്തുന്ന സിസ്റ്റം നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഓഗസ്റ്റ് 5-ന് വൈകീട്ട് 6 മണി മുതൽ രാത്രി 9.30 വരെയാണ് സേവനങ്ങൾ തടസ്സപ്പെടുക. ഈ സമയത്ത് പ്ലാറ്റ്‌ഫോമിന്റെ വിവിധ ഭാഗങ്ങൾ അപ്‌ഡേറ്റ് ചെയ്യും.

 

സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഇ-ഫയൽ പതിപ്പ് 7.4.4-3, പോർട്ടൽ പതിപ്പ് 8.2.2, മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം പതിപ്പ് 7.3.0, മാസ്റ്റർ ഡാറ്റ മാനേജ്‌മെന്റ് പതിപ്പ് 7.3.1-1 എന്നിവയാണ് പുതുക്കുന്നത്. ഈ സമയത്ത് ഇ-ഓഫീസ് സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധിക്കില്ലെന്നും, ക്ലെയിമുകൾ സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി മുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.

 

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷവും ആദ്യത്തെ രണ്ടാഴ്ചക്കാലം അധിക പരിശോധനകൾ ഉണ്ടാകും. അതിനാൽ അപേക്ഷകളും ക്ലെയിമുകളും തീർപ്പാക്കുന്നതിൽ സാധാരണയേക്കാൾ ചെറിയ തോതിൽ താമസം നേരിടാൻ സാധ്യതയുണ്ട്. സേവനങ്ങൾ ഘട്ടംഘട്ടമായി മാത്രമേ പൂർണ്ണ നിലയിലാകൂ എന്നതിനാൽ അംഗങ്ങളും തൊഴിലുടമകളും സഹകരിക്കണമെന്ന് ഇപിഎഫ്ഒ അഭ്യർത്ഥിച്ചു. തിരക്കുണ്ടാകുമ്പോൾ ഒരേ അപേക്ഷകൾ വീണ്ടും വീണ്ടും സമർപ്പിക്കുന്നതും ഒഴിവാക്കണം. സേവനങ്ങൾ കൂടുതൽ വേഗത്തിലും സുരക്ഷിതവുമാക്കുന്നതിനാണ് ഈ നവീകരണമെന്നും ഇപിഎഫ്ഒ അറിയിച്ചു.