Your Image Description Your Image Description

ലണ്ടൻ: ഇന്ത്യ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ ഭയക്കുന്നുണ്ടെന്ന് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. അതുകൊണ്ടാണ് രണ്ടാം ടെസ്റ്റില്‍ 180 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും 608 റണ്‍സിന്‍റെ ലീഡ് ഉയര്‍ത്തിയ ശേഷം രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതെന്നും ഹാരി ബ്രൂക്ക് പറഞ്ഞു. ആദ്യ ടെസ്റ്റില്‍ 372 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും ഇംഗ്ലണ്ട് അത് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ ശരിക്കും ഭയന്നുവെന്നും അതുകൊണ്ടാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 608 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയതെന്നും ഹാരി ബ്രൂക്ക് പറഞ്ഞു.

ഞങ്ങള്‍ക്ക് മുന്നില്‍ എത്ര വലിയ വിജയലക്ഷ്യമാണ് ഉയര്‍ത്തേണ്ടത് എന്ന കാര്യത്തില്‍ അവര്‍ക്ക് ഭയമുണ്ടായിരുന്നു. അത് ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയതെന്നും ആ ആത്മവിശ്വാസമാണ് ലോര്‍ഡ്സ് ടെസ്റ്റിലെ ഞങ്ങളുടെ 22 റണ്‍സ് ജയത്തിലും പ്രതിഫലിച്ചതെന്നും ഹാരി ബ്രൂക്ക് വ്യക്തമാക്കി. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ അവസാന വിക്കറ്റുകള്‍ വീഴ്ത്താനാവാതെ ബൗളര്‍മാര്‍ വിയര്‍ത്തപ്പോഴും ബെന്‍ സ്റ്റോക്സ് കാണിച്ച നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും സമാനതകളില്ലാത്തതായിരുന്നു. എല്ലാവരെയും ആകാംക്ഷയുടെ മുള്‍മുനയിലെത്തിച്ച ശേഷമാണ് അവി‍ടെ ഞങ്ങള്‍ വിജയം പിടിച്ചെടുത്തത്. ആ വിജയം നല്‍കുന്ന ആത്മവിശ്വാസം വരും മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് ഗുണകരമാകുമെന്നും ബ്രൂക്ക് പറഞ്ഞു.

ലോര്‍ഡ്സ് ടെസ്റ്റിന്‍റെ മൂന്നാം ദിനം അവസാന സെഷനില്‍ ജസ്പ്രീത് ബുമ്രയുടെ ഒരോവര്‍ നേരിടാനായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ക്രീസിലെത്തിയപ്പോള്‍ ഇന്ത്യൻ താരങ്ങൾ പുറത്തെടുത്ത ആക്രമണോത്സുകതയാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇന്ത്യൻ താരങ്ങളോട് വളരെ സൗഹാര്‍ദ്ദപരമായി പെരുമാറുന്നുവെന്ന് കോച്ച് ബ്രണ്ടന്‍ മക്കല്ലം കുറച്ചു ദിവസം മുമ്പ് ഞങ്ങളോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ മൂന്നാം ദിനം അവസാന സെഷനിലുണ്ടായ ആ സംഭവം ഞങ്ങളെയെല്ലാം ആവേശഭരിതരാക്കി. നാലാം ദിനം കിട്ടിയത് തിരിച്ചുകൊടുക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. അത് തന്നെയാണ് ലോര്‍ഡ്സ് ടെസ്റ്റിന്‍റെ ഗതി നിര്‍ണയിച്ചത്. ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി കൂട്ടത്തകര്‍ച്ചയിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഈ പരമ്പരയിലെ ഓരോ മത്സരവും അവസാനിച്ചത് അവസാന ദിനം അവസാന സെഷനിലാണ്. അതു തന്നെ ഇരു ടീമുകളും പുറത്തെടുത്ത പോരാട്ടവീര്യത്തിന് തെളിവാണ്. ഒരുപാട് ആളുകള്‍ ഈ പരമ്പരയില്‍ ഇരു ടീമുകളും പുറത്തെടുത്ത പോരാട്ടവീര്യത്തെ പ്രകീര്‍ത്തിച്ച് തനിക്ക് സന്ദേശം അയച്ചിരുന്നുവെന്നും ബ്രൂക്ക് പറഞ്ഞു.

Related Posts