Your Image Description Your Image Description

ന്യൂഡൽഹി: ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഊബർ, ഒല, റാപ്പിഡോ, ഇൻഡ്രൈവ് തുടങ്ങിയവയ്ക്ക് നിരക്ക് കൂട്ടാൻ അനുമതി നൽകി റോഡ് ഗതാഗത മന്ത്രാലയം. തിരക്കേറിയ സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാനാണ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. നേരത്തെ തിരക്കേറിയ സമയങ്ങളിൽ ഇത് ഒന്നര മടങ്ങായിരുന്നു.

അതേസമയം, തിരക്കില്ലാത്ത സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ 50 ശതമാനമായിരിക്കണം നിരക്കെന്നും നിർദേശമുണ്ട്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ മാർഗനിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്. കൂടാതെ ഓൺലൈൻ ടാക്‌സികളിലെ എല്ലാ ഡ്രൈവർമാർക്കും ഇൻഷുറൻസ് പരിരക്ഷയും നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ ഡ്രൈവർക്കും അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ടേം ഇൻഷുറൻസ് പോളിസിയും നിർബന്ധമാണ്.

യാത്രക്കാരനെ എടുക്കാൻ ഡ്രൈവർ വരുന്ന ദൂരം മൂന്ന് കിലോമീറ്ററിൽ കുറവാണെങ്കിൽ അതിന് അധിക ചാർജ് ഈടാക്കില്ല. അത്തരം സാഹചര്യങ്ങളിൽ, യാത്ര ആരംഭിക്കുന്ന സ്ഥലത്ത് നിന്ന് നിരക്ക് ഈടാക്കാം. കൂടാതെ പ്രത്യേക കാരണങ്ങളില്ലാതെ റൈഡുകൾ റദ്ദാക്കുന്ന ഡ്രൈവർമാർക്ക് 100 രൂപ പരമാവധി പിഴ ചുമത്തും. അതായത് നിരക്കിന്റെ 10% പിഴ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, ഓൺലൈൻ ടാക്‌സികൾ വെഹിക്കിൾ ലൊക്കേഷൻ ആൻഡ് ട്രാക്കിംഗ് ഡിവൈസുകൾ (VLTDs) സ്ഥാപിക്കണം. അത് സംസ്ഥാനത്തിന്റെ സംയോജിത കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളുമായി ബന്ധിപ്പിക്കുകയും വേണം.

സേവന നിലവാരം നിലനിർത്തുന്നതിനായി, എല്ലാ ഡ്രൈവർമാർക്കും വാർഷിക റിഫ്രഷർ പരിശീലനം നൽകാൻ ടാക്‌സി കമ്പനികൾ ബാധ്യസ്ഥരാണ്. അഞ്ച് ശതമാനത്തിൽ താഴെ റേറ്റിംഗ് ലഭിക്കുന്ന ഡ്രൈവർമാർക്ക് മൂന്നുമാസത്തെ റീഫ്രഷർ കോഴ്‌സുകൾ നിർബന്ധമാണ്. ഇത് പാലിക്കാതെ ഡ്രൈവർമാർക്ക് പ്രവർത്തിക്കാൻ കഴിയില്ല. ടാക്സികൾ, ഓട്ടോറിക്ഷകൾ, ബൈക്ക് ടാക്സികൾ എന്നിവയുൾപ്പെടെ വിവിധ തരം വാഹനങ്ങളുടെ അടിസ്ഥാന നിരക്ക് അറിയിക്കേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമായിരിക്കും. മൂന്ന് മാസത്തിനുള്ളിൽ പുതുക്കിയ മാർഗനിർദേശങ്ങൾ നടപ്പാക്കാനാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts