പിണറായി വിജയന്റെയും കുടുംബത്തിന്റെയും വസതികളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇടതുമുന്നണി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നാളെ (മെയ് 28) സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
ഇഡി ആസ്ഥാനമായ ‘പരിവർത്തൻ ഭവനിലേക്കും’ സി.പി.ഐ.എം ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. ഉച്ചയ്ക്ക് 2.30-ന് ആരംഭിക്കുന്ന മാർച്ചിന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംഎ ബേബി നേതൃത്വം നൽകും. ബിജെപി- കോൺഗ്രസ് സംയുക്ത ഗൂഢാലോചനയുടെ ഭാഗമാണ് ഈ റെയ്ഡ് എന്നാണ് പാർട്ടിയുടെ ആരോപണം. തിരുവനന്തപുരത്തെയും കണ്ണൂരിലെയും പിണറായി വിജയൻ്റെ വീടുകൾക്ക് മുന്നിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. പി. ജയരാജൻ, എം.വി. ജയരാജൻ, വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നു. കോഴിക്കോട്ട്: മന്ത്രി മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിൽ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധവുമായി ഒത്തുകൂടിയിട്ടുണ്ട്.
മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ റെയ്ഡ് നടന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണെന്ന് സി.പി.ഐ.എം ആരോപിക്കുന്നു. ഇത്തരം നടപടികൾ കൊണ്ട് പിണറായി വിജയനെയോ ഇടതുപക്ഷത്തെയോ ഭയപ്പെടുത്താനാവില്ലെന്നും പാർട്ടി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
