
തൊടുപുഴ മുതലക്കോടത്ത് പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. കെട്ടിടത്തിന്റെ വലിയൊരു കോൺക്രീറ്റ് പാളിയും തൂണും പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. കോതമംഗലം രൂപതയ്ക്ക് കീഴിലുള്ള സാഞ്ജോ ഭവൻ എന്ന പഴകിയ കെട്ടിടമാണ് പൊളിച്ചു മാറ്റിക്കൊണ്ടിരുന്നത്.
അപകടത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻതന്നെ തൊടുപുഴയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്. കെട്ടിടം പഴക്കം ചെന്നതിനെത്തുടർന്ന് സുരക്ഷിതമായി നീക്കം ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് പോലീസും ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
