Your Image Description Your Image Description

മലയാളികളുടെ സ്വന്തം മിഡ്ഗാസ്റ്റാർ മമ്മൂട്ടിയുടെ തിരിച്ചുവരാനായി കാത്തിരിക്കുകയാണ് സിനിമാലോകം. അദ്ദേഹത്തിന്റെ ആരോ​ഗ്യം എല്ലാം ഓക്കെ ആയെന്ന് അറിഞ്ഞതുമുതൽ ഏറെ സന്തോഷത്തിലാണ് എല്ലാവരും. മമ്മൂട്ടി ഇപ്പോൾ ഓക്കെ ആണെന്നും അസുഖമായിരുന്നുവെന്ന് കരുതി ക്ഷീണിച്ച് കിടപ്പൊന്നും ആയിരുന്നില്ലെന്നും ഓടിച്ചാടി നടക്കുകയാണെന്നും സഹോദരൻ ഇബ്രാ​ഹിം കുട്ടി പറഞ്ഞു. അസുഖമാണെന്ന് കരുതി പുള്ളി അമേരിക്കയിലും ലണ്ടനിലൊന്നും പോയിട്ടില്ലെന്നും മദ്രാസിലെ വീട്ടിൽ തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഒരാൾക്കൊരു അസുഖം വരികയെന്നത് അത്ഭുതമായ കാര്യമല്ല. രോ​ഗങ്ങൾ ആർക്കും വരാം. ഓരോ അസുഖങ്ങൾക്കും ഒരു സമയപരിധിയും ഉണ്ട്. മൂപ്പരുടെ ട്രീറ്റ്മെന്റൊക്കെ കഴിഞ്ഞു. എന്താണ് രോ​ഗം എന്നതല്ലല്ലോ. ഒരു അസ്വസ്ഥതയുണ്ടായിരുന്നു. ആ രോ​ഗം മാറിയോ ഇല്ലയോ എന്നാണ് അറിയേണ്ടത്. ടെസ്റ്റെല്ലാം നെ​ഗറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ മീഡിയാസൊക്കെ വിളിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞാൽ ആധികാരികത ഉണ്ടല്ലോ. അങ്ങനെയാണ് ഒറു പോസ്റ്റിടുന്നത്. മമ്മൂട്ടിക്ക് വയ്യായ്ക ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഞങ്ങളാരും അതിനോട് പ്രതികരിക്കാനായി പോയില്ല. പക്ഷേ പിന്നീട് സോഷ്യൽ മീഡിയയാണ് എല്ലാം തീരുമാനിക്കുന്നത്. ചികിത്സ അമേരിക്കയിലാണെന്നൊക്കെ പറയുകയാണ്. ഉള്ളിലൊരു വിഷമം കിടക്കുമ്പോളും അസത്യമായ മണ്ടത്തരങ്ങൾ വിളിച്ച് പറയുന്നത് കാണുമ്പോൾ ചിരിവരും”, എന്ന് ഇബ്രാ​ഹിം കുട്ടി പറയുന്നു. ജിഞ്ചർ മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഇച്ചാക്ക ഇപ്പോൾ ഓക്കയാണ്. കഴിഞ്ഞ ദിവസം ഞാൻ മദ്രാസിൽ പോയിട്ട് വന്നതെ ഉള്ളൂ. ഒരു അസ്വസ്ഥത വന്നു, അതിനൊരു ട്രീറ്റമെന്റ്. അതിനൊരു സമയമുണ്ടായിരുന്നു. അതു കഴിഞ്ഞു. ആള് ഇപ്പോൾ ഹാപ്പിയാണ്. സേഫ് ആണ്. അസുഖമാണെന്ന് കരുതി പുള്ളി അമേരിക്കയിലും ലണ്ടനിലൊന്നും പോയിട്ടില്ല. മദ്രാസിലെ വീട്ടിൽ തന്നെയുണ്ട്. പുള്ളിക്കൊരു പനി പിടിച്ച് കാണാൻ പോലും നമുക്ക് ഇഷ്ടമില്ല. പുള്ളി ഒന്ന് സെറ്റായിട്ടേ ഫോട്ടോ ഒക്കെ വരൂ. മുടിയൊക്കെ വളർന്ന് മൈക്കിളപ്പനെ പോലെയായിരുന്നു. പിന്നെ പോയി മുടി വെട്ടി. അപ്പോൾ ഞാൻ പറഞ്ഞു പത്തേമാരിയിലെ നാരായണനായിട്ടുണ്ടെന്ന്. അസുഖം വന്ന് ക്ഷീണിച്ച് കിടപ്പൊന്നും ഇല്ല. പുള്ളി ഓടിച്ചാടി നടക്കുകയാണ്. പൊതുവേ​ദിയിൽ വന്നില്ലെങ്കിലും മറ്റെല്ലാ കാര്യങ്ങളിലും അദ്ദേഹം ലൈവ് ആയിരുന്നു” എന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുടെ യാതൊരു വിവരവും ഇല്ലാതായതോടെ, “തിയറ്ററിൽ പോലും ആളുകൾക്ക് സിനിമ കാണാൻ ആവേശമില്ലായിരുന്നുവെന്ന് പലരും പറഞ്ഞ് കേട്ടു. ഇത്രയും നാൾ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നയാൾ സൈലന്റ് ആവുമ്പോൾ അവർക്കൊരു അപൂർണതയുണ്ടാകും. എല്ലാ വിഷയത്തിലും അങ്ങനെ തന്നെ. ഞങ്ങളുടെ വീട്ടിലൊരു പരിപാടി നടക്കുമ്പോൾ പുള്ളിയില്ലാതാകുമ്പോൾ ഒരു മിസിം​ഗ് ഫീൽ ചെയ്യും. അതുപോലെ ജനങ്ങളിലും ഉണ്ട്. അത് നമുക്ക് മനസിലാകും. ഉപ്പയില്ലാത്തതിൽ കുടുംബത്തിലെ മൂത്ത ആളെന്ന നിലയിൽ എല്ലാ കാര്യവും മൂപ്പരോട് ചോദിച്ചിട്ടാണ് ചെയ്യുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ്. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഇട്ടാലും പുള്ളി കണ്ടാൽ മാത്രമെ ഒരു സമാധാനം ഉണ്ടാകൂ”, എന്ന് ഇബ്രാഹിം കുട്ടി കൂട്ടിച്ചേർത്തു.

Related Posts