കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കൊടിയും പിടിച്ച് മുദ്രാവാക്യം വിളിച്ച് സ്വീകരണം നൽകിയ സംഭവത്തിൽ വിമർശനവുമായി ഡിവൈഎഫ്ഐ. ആശുപത്രിയിൽ പ്രവേശിച്ച രോഗികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയ സംഭവത്തിൽ നിലപാട് പറയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിവൈ.എഫ്.ഐ ആശുപത്രികളിൽ നടത്തുന്ന സൗജന്യ പൊതിച്ചോർ വിതരണത്തിനെതിരെ മുൻപ് രംഗത്തുവന്ന ആളാണ് കെ. മുരളീധരൻ.
എന്നാൽ അതേ മുരളീധരൻ സ്വന്തം അണികളെക്കൊണ്ട് ആശുപത്രിക്കുള്ളിൽ മുദ്രാവാക്യം വിളിപ്പിച്ച് പുളകം കൊള്ളുകയാണെന്ന് ഡിവൈ.എഫ്.ഐ ആരോപിച്ചു. അവശനിലയിലായ രോഗികൾക്കിടയിൽ മുദ്രാവാക്യം വിളികേട്ട് ആസ്വദിക്കുന്നത് അല്പത്തരമാണെന്നും ഡിവൈഎഫ്ഐ വിമർശിച്ചു. ആശുപത്രികളിൽ കൊടിയും പിടിച്ചുള്ള രാഷ്ട്രീയ പ്രചാരണങ്ങളും സ്വീകരണങ്ങളും പാടില്ലെന്ന കർശന നിർദ്ദേശം നിലനിൽക്കെയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇത്തരമൊരു സംഭവം അരങ്ങേറിയത്. കേരളത്തിലെ ആരോഗ്യരംഗത്തെ ഇത്തരം പ്രവർത്തികളിലൂടെ ട്രോൾ മെറ്റീരിയലാക്കി മാറ്റുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു മാധ്യമങ്ങളോട് പറഞ്ഞു.
