Your Image Description Your Image Description

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കോടതി വിധി സ്വാഗതാർഹമെന്ന് മന്ത്രി വിഎന്‍ വാസവന്‍. കോടതി വസ്തുതകൾ മനസ്സിലാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടിയത് പോലെയാണ് പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നത്, താൽക്കാലിക പന്തലാണ് അവിടെ നിർമ്മിക്കുക. 3000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് നിർമ്മിക്കുന്നത്. തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത തരത്തിൽ ആയിരിക്കും ബോർഡ് പരിപാടി നടത്തുക എന്നും മന്ത്രി പ്രതികരിച്ചു. ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി അനുമതി നല്‍കിയതിലാണ് മന്ത്രി വാസവന്‍ പ്രതികരണം നടത്തിയത്. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്ക് സുതാര്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരെയും കണക്ക് ബോധ്യപ്പെടുത്താൻ ആകും. സർക്കാർ പണം ധൂർത്തടിക്കില്ല. പരിപാടി എല്ലാ അർത്ഥത്തിലും സുതാര്യമായിരിക്കും എന്നും വാസവന്‍ വ്യക്തമാക്കി. സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. പ്രകൃതിക്ക് ഹാനികരമായത് ഒന്നും സംഭവിക്കാൻ പാടില്ലെന്നും സാമ്പത്തിക വരവ് ചെലവുകളുടെ കണക്ക് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇന്നലെ അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വാദം പൂര്‍ത്തിയായിയിരുന്നു. വിധി പറയാനായി ഇന്നേക്ക് മാറ്റുകയായിരുന്നു.

ആഗോള അയ്യപ്പ സംഗമം നടത്തിയതിന്‍റെ വരവ് ചെലവ് കണക്കുകളുടെ വിശദമായ റിപ്പോര്‍ട്ട് 45 ദിവസത്തിനുള്ളിൽ കോടതിക്ക് നൽകണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സംഗമത്തിൽ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന നൽകരുതെന്നും ശബരിമലയിലേക്ക് പോകുന്ന സാധാരണ ഭക്തര്‍ക്ക് ബുദ്ധിമുട്ടോ അവരുടെ അവകാശങ്ങള്‍ ലംഘിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജിയില്‍ ഇന്നലെ ഒരു മണിക്കൂറിലേറെ നീണ്ട വാദമാണ് ഹൈക്കോടതിയില്‍ നടന്നത്. അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന്‍റെ റോളെന്താണെന്നും ആരൊക്കെയാണ് ക്ഷണിച്ചതെന്നും എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ദേവസ്വമോ സര്‍ക്കാരോ പണം ചെലവിടുന്നില്ലെന്നും സാധാരണക്കാര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ മറുപടി.

Related Posts