Your Image Description Your Image Description

മലയാളി പ്രേക്ഷകരുടെ ഇഷ്ടം നടിയാണ് മീന. അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ തന്റെ സുഹൃത്തും അന്തരിച്ച നടിയുമായ സൗന്ദര്യയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. നടി സൗന്ദര്യയുടെ അവസാനത്തെ വിമാന യാത്രയിൽ താനും ഉണ്ടാകേണ്ടതായിരുന്നെന്നാണ് മീനയുടെ വാക്കുകൾ. അപകടം നടന്ന് 21 വർഷങ്ങൾക്ക് ശേഷം അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മീന ഇക്കാര്യം വെളിപ്പെടുത്തിയത്. പരിപാടിയിൽ സൗന്ദര്യയെക്കുറിച്ച് ചോദിച്ചപ്പോൾ മീന വികാരാധീനയാവുകയായിരുന്നു.

‘ഞങ്ങൾ തമ്മിലുണ്ടായിരുന്ന മത്സരം എപ്പോഴും ആരോഗ്യകരമായിരുന്നു. സൗന്ദര്യ വളരെ കഴിവുള്ളവളായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ മരണവാർത്ത എന്നെ ഞെട്ടിച്ചിരുന്നു. ഇന്നും ആ ഞെട്ടലിൽ നിന്ന് എനിക്ക് പൂർണ്ണമായും കരകയറാൻ കഴിഞ്ഞിട്ടില്ല. അപകടം സംഭവിച്ച ദിവസം ഞാൻ സൗന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതായിരുന്നു. എന്നെയും ക്ഷണിച്ചിരുന്നു. പക്ഷേ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും എനിക്ക് താത്പര്യമില്ലാത്തതിനാൽ ഒരു ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിവായി. അതിനുശേഷം സംഭവിച്ചത് കേട്ട ഞാൻ തകർന്നുപോയി.’– മീന പറഞ്ഞു.

2004 ഏപ്രിൽ 17ന് ആണ് സൗന്ദര്യയുടെ ജീവനെടുത്ത വിമാനാപകടം ഉണ്ടായത്. സൗന്ദര്യ ബിജെപിയിൽ ചേർന്ന് കുറച്ചു നാളുകളേ ആയിരുന്നുള്ളൂ. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ആന്ധ്രപ്രദേശിലെ കരിം നഗറിൽ പോകുന്ന വഴി വിമാനം തകർന്നുവീഴുകയായിരുന്നു. ബെംഗളൂരുവിനടുത്തുള്ള ജക്കൂർ എയർഫീൽഡിൽ നിന്ന് പറന്നുയർന്ന സിംഗിൾ എൻജിൻ എയർക്രാഫ്റ്റായ ‘സെസ്ന 180’ ആണ് ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും സമയത്തിനുള്ളിൽ തകർന്നുവീണത്. സൗന്ദര്യയും സഹോദരനും പൈലറ്റും ഉൾപ്പെടെ നാല് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നാല് പേരും കൊല്ലപ്പെട്ടു.

കിളിച്ചുണ്ടൻ മാമ്പഴം’ എന്ന സിനിമയിൽ മോഹൻലാലിനൊപ്പവും ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയിൽ ജയറാമിനൊപ്പവും അഭിനയിച്ച സൗന്ദര്യ മലയാളികൾക്കും പ്രിയങ്കരിയായ നടിയാണ്. കന്നഡ ചിത്രമായ ‘ഗന്ധർവ’യിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് എത്തുന്നത്. കന്നഡ, തമിഴ് ചിത്രങ്ങളിലും സൗന്ദര്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ‘സൂര്യവംശം’ എന്ന ബോളിവുഡ് ചിത്രത്തിൽ അമിതാഭ് ബച്ചന്റെ ഒപ്പവും സൗന്ദര്യ അഭിനയിച്ചു.

Related Posts