Your Image Description Your Image Description

കൊച്ചി: അറബിക്കടലിൽ എംഎസ്‌സി എൽസ-3 കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിയായ എം.എസ്.സി 1200 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവയ്ക്കണമെന്ന് ഇടക്കാല ഉത്തരവ്. ഹൈക്കോടതി സിം​ഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പണം കെട്ടിവെച്ചതിന് ശേഷം മാത്രമേ, സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കപ്പൽ വിട്ടയക്കൂ. ദുരന്തത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്ന 399 കണ്ടെയ്നറുകൾ നഷ്‌ടപ്പെട്ടിരുന്നു. ഈ കണ്ടെയ്നറുകളുടെ ഉടമസ്ഥരായ വിവിധ കമ്പനികൾ നൽകിയ ഹർജികൾ പരിഗണിച്ച്, നഷ്‌ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ടാണ് കോടതിയുടെ ഈ നിർണായക ഉത്തരവ്.

എം.എസ്.സി എൽസ-3 കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കപ്പൽ കമ്പനിക്കെതിരെ സർക്കാർ ഫയൽ ചെയ്ത ഹർജിയിൽ 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അപകടത്തെ തുടർന്നുണ്ടായ പരിസ്ഥിതി മലിനീകരണം, എണ്ണച്ചോർച്ച, മത്സ്യത്തൊഴിലാളികൾക്കുണ്ടായ ഉപജീവന മാർഗങ്ങളുടെ നഷ്ടം, കണ്ടെയ്‌നറുകളിലെ മാലിന്യം നീക്കം ചെയ്യാനുള്ള ചെലവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇത്രയും വലിയ തുക ആവശ്യപ്പെട്ടത്.

കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വെച്ച് മെയ് 24-നാണ് കപ്പൽ ചരിഞ്ഞത്. തമിഴ്നാട്ടിലെ തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, മംഗളൂരു എന്നീ തുറമുഖങ്ങൾക്കിടയിൽ സർവീസ് നടത്തിയിരുന്ന എംഎസ്‌സി എൽസ-3-ൽ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്.

Related Posts