Your Image Description Your Image Description

കോട്ടയം: അന്താരാഷ്ട്ര വിപണിയിൽ വില ഇടിവ് നേരിടുമ്പോൾ ആഭ്യന്തര റബ്ബർവിലയിൽ മുന്നേറ്റം. ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ച വില 206.50 രൂപയായി. ബാങ്കോക്കിലെ വില 192.51 രൂപയാണ്. തായ്‌ലാൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിലെ കനത്ത മഴയിൽ ചരക്കുവരവ് കുറഞ്ഞതോടെ അന്താരാഷ്ട്ര വില ഉയരേണ്ടതാണ്. എന്നാൽ പകരച്ചുങ്ക വിഷയങ്ങളിൽ ആശങ്ക നിലനിൽക്കുന്നതിനാൽ വ്യാപാരം മോശമായി. പ്രത്യേകിച്ചും ചൈനീസ് വ്യാപാരികൾ ചരക്കെടുപ്പ് കുറച്ചതാണ് വില താഴ്ന്നുനിൽക്കാൻ കാരണം.

ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ ഉദ്പാദക സംസ്ഥാനമായ കേരളത്തിലും റബ്ബർക്ഷാമമുണ്ട്. ഇത് വില കൂടാനും ഇടയാക്കി. അടുത്ത ദിവസങ്ങളിൽ വില 210-ലേക്ക് എത്താമെന്നാണ് വിലയിരുത്തൽ. അതേസമയം വ്യാപാരികൾ പ്രസിദ്ധീകരിച്ച വില റബ്ബർ ബോർഡിന്റെ നിരക്കിൽ നിന്ന് ഏറെ താഴെയാണ്. ആർഎസ്എസ് നാല് 198.50 രൂപയ്ക്കാണ് ശനിയാഴ്ച വ്യാപാരം നടന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. പക്ഷേ, പോയ വാരം മുഴുവൻ ക്രമാനുഗതമായ വിലക്കയറ്റം പ്രകടമാക്കുന്നതാണ് അവരുടെ വില ചാർട്ട്. 196-ൽ നിന്നാണ് അത് മെച്ചപ്പെട്ടുവന്നത്.

അതേസമയം ഇപ്പോഴത്തെ വിലയിൽ ഗുണമെന്ന് കണ്ട് ടാപ്പിങ് കൂട്ടിയിട്ടുണ്ട്. ടാപ്പിങ് മെച്ചപ്പെടുത്തി ഉത്പാദനം കൂട്ടുമ്പോഴും വില 200 രൂപയ്ക്കുമേൽ നിൽക്കേണ്ടതുണ്ടെന്ന് കൃഷിക്കാർ പറയുന്നു. മഴമറച്ചെലവും കടന്നുള്ള വരുമാനം ഉണ്ടെങ്കിലേ നഷ്ടം തടയാൻ കഴിയൂ. സമീപമാസങ്ങളിലും വില 200-ന് ചുറ്റുവട്ടത്ത് നിൽക്കുമെന്നാണ് ടയർ കമ്പനികളുടെ അനുമാനം.

Related Posts