Your Image Description Your Image Description

കൊല്ലത്ത് കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്. അനീഷ്യയുടെ ആത്മഹത്യ കേസിലെ പ്രധാന തൊണ്ടി മുതലായ ഐഫോണ്‍ ശാസ്ത്രീയ പരിശോധനക്കായി ഗുജറാത്ത് ലാബിലേക്ക് അയക്കുന്നു. സംസ്ഥാന ഫൊറൻസിക് ലാബിൽ ഐഫോണ്‍ പരിശോധിക്കുള്ള സാങ്കേതിക സംവിധാനമില്ലാത്തതിനാലാണ് ഗുജറാത്ത് ലാബിലേക്ക് അയക്കുന്നത്. ഇതിനായി 19,004 രൂപ ചെലവാക്കാൻ ക്രൈം ബ്രാഞ്ചിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി.

സഹപ്രവർത്തകരുടെ മാനസിക പീഢനം മൂലം അസി.പ്രോസിക്യൂട്ടറായിരുന്ന് അനീഷ്യ ആത്മഹത്യ ചെയ്തുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുള്‍ റഹിം, പ്രോസിക്യൂട്ടറായ ശ്യാം കൃഷ്ണ എന്നിവരാണ് പ്രതികള്‍. നിരന്തരമായി അനീഷ്യയെക്കെതിരെ പ്രതികള്‍ പ്രചാരണ നടത്തിയെന്നാണ് കേസ് . മീറ്റുകളിൽ കുറ്റപ്പെടുത്തലുകളുണ്ടായെന്ന് ആത്മഹത്യാക്കുറിപ്പിൽ അനീഷ്യ കുറിച്ചിരുന്നു. മരിക്കുന്നതിന് തലേ ദിവസം ശ്യാം കൃഷ്ണ ഐഫോണിൽ അനീഷ്യയുടെ ഓഫീസ് അടഞ്ഞു കിടക്കുന്നതിന്‍റെ ചിത്രവും ശബ്ദ മെസേജുകളും മറ്റ് ചിലർക്ക് അയച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇവ തൊണ്ടിമുതലായ ഫോണിൽ നിന്നും വീണ്ടെടുക്കാനാണ് ശാസ്ത്രീയ പരിശോധനക്കയച്ചത്.

തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്കാണ് തൊണ്ടിമുതലായ ഐഫോണ്‍ -14 ആദ്യമയച്ചത്. ഐഫോണ്‍ -14ന്‍റെ ലോക്ക് മാറ്റി, ശാസ്ത്രീയ പരിശോധനക്കുള്ള ടൂളുകളില്ലെന്ന് ഫൊറൻസിക് ഡയറക്ടർ മറുപടി നൽകി. ദില്ലി നാഷണൽ ഫൊറൻസിക് ലാബിലും സാങ്കേതിക സംവിധാനമില്ലെന്ന് മറുപടി നൽകിയതിനെ തുടർന്നാണ് ഗുജറാത്തിലെ നാഷണൽ ഫൊറൻസിക് സയൻസ് സർവകലാശാലയിലേക്ക് അയക്കാൻ തീരുമാനിച്ചത്. ഇതിനാവശ്യമായ പണം അനുവദിക്കണമെന്ന ക്രൈം ബ്രാഞ്ച് മേധാവിയുടെ ആവശ്യമാണ് ആഭ്യന്തര വകുപ്പ് അംഗീകരിച്ചത്

 

 

Related Posts