Your Image Description Your Image Description

ഡോമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക: ചാപ്റ്റർ വൺ ചന്ദ്ര’ എന്ന സിനിമ രാജ്യങ്ങൾ കടന്ന് വിജയയാത്ര തുടരുകയാണ്. നായികാ പ്രാധാന്യമുള്ള ഒരു ദക്ഷിണേന്ത്യൻ സിനിമ ബോക്സ് ഓഫീസിൽ കോടികൾ നേടുന്നത് അപൂർവമായ ഒരു കാഴ്ചയാണ്. ഈ സൂപ്പർ വുമൺ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശാന്തി ബാലചന്ദ്രൻ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന വ്യക്തിയാണ്. സംവിധായകൻ ഡൊമിനിക് അരുണും നടി ശാന്തി ബാലചന്ദ്രനും ചേർന്നാണ് ലോകയ്ക്ക് തിരക്കഥ ഒരുക്കിയത്.

നടി, തിരക്കഥാകൃത്ത്, സഹസംവിധായിക, ഡബ്ബിങ് ആർട്ടിസ്റ്റ്, തിയേറ്റർ ആർട്ടിസ്റ്റ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച കലാകാരിയാണ് ശാന്തി ബാലചന്ദ്രൻ. 2017-ൽ ടൊവിനോ തോമസ് നായകനായ ‘തരംഗം’ എന്ന ചിത്രത്തിലൂടെയാണ് ഇവർ മലയാള സിനിമയിലേക്ക് വരുന്നത്. പിന്നീട് ‘ജല്ലിക്കെട്ട്’, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’, ‘രണ്ടുപേർ’, ‘ഗുൽമോഹർ’, ‘എന്നെന്നും’, ‘സ്വീറ്റ് കാരം കോഫി’, ‘ദി ക്രോണിക്കിൾസ് ഓഫ് ദി 4.5 ഗാങ്’ തുടങ്ങിയ സിനിമകളിലും വെബ് സീരീസുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇപ്പോഴിതാ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ശാന്തി ബാലചന്ദ്രന്‍.

‘ലോക’യുടെ ആദ്യ ഷോ കഴിഞ്ഞപ്പോൾ കല്യാണി പ്രിയദർശൻ ക്യാമറയ്ക്ക് മുന്നിൽ വന്ന് സിനിമയിൽ തന്റെ സംഭാവനയെക്കുറിച്ചും പങ്കിനെക്കുറിച്ചുമൊക്കെ സംസാരിച്ചത് മറക്കാനാവാത്ത അനുഭവമാണെന്ന് ശാന്തി ബാലചന്ദ്രൻ പറഞ്ഞു. ഹൈദരാബാദിൽ നടന്ന പ്രൊമോഷൻ പരിപാടിയിൽ വെച്ച് ദുല്‍ഖര്‍ സൽമാൻ തങ്ങളെ പ്രശംസിച്ചതും ശാന്തി ഓർത്തെടുത്തു. സ്ത്രീപക്ഷ കാഴ്ചപ്പാടോടെ പുതുമയുള്ള കഥ ഒരുക്കിയതിന് ദുല്‍ഖര്‍ അഭിനന്ദനങ്ങൾ അറിയിക്കുകയായിരുന്നു. സഹപ്രവർത്തകരെ അംഗീകരിക്കുകയും അവരുടെ കഴിവിൽ വിശ്വസിക്കുകയും ചെയ്യുന്നത് വലിയ കാര്യമാണ്. ദുൽഖറിൽ നിന്ന് ലഭിച്ച നല്ല വാക്കുകൾ എന്നും തന്റെ ഹൃദയത്തിലുണ്ടാകുമെന്നും ശാന്തി കൂട്ടിച്ചേർത്തു.

Related Posts