Your Image Description Your Image Description

ആറാം സീസണിൽ എത്തുമ്പോൾ ചാമ്പ്യൻസ് ബോട്ട് ലീഗ് ലോക ശ്രദ്ധ പിടിച്ചുപറ്റുമെന്നും അതിനുള്ള ശ്രമങ്ങൾക്ക് സർക്കാർ തുടക്കം കുറിച്ചതായും ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസൺ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി കൈനകരിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിബിഎൽ തുടങ്ങി നാലാം സീസൺ എത്തിയപ്പോഴേക്കും രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റാൻ നമുക്ക് സാധിച്ചു. ആറാം സീസണിലേക്ക് എത്തുമ്പോൾ ലോകശ്രദ്ധ പിടിച്ചുപറ്റുന്ന നിലയിലേക്കെത്തുവാനുള്ള പ്രവർത്തനങ്ങൾ ടൂറിസം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലോകരാജ്യങ്ങളിൽ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രചാരണത്തിനുവേണ്ടി സർക്കാർ മൈക്രോ സൈറ്റ് പുറത്തിറക്കി. വള്ളംകളിയുടെ സമഗ്രവിവരങ്ങൾ രേഖപ്പെടുത്തിയ സൈറ്റ് വഴി കൂടുതൽ വിദേശ സഞ്ചാരികളെ സിബിഎൽ വേദിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഭാവിയിൽ ഈ സൈറ്റ് വഴി ടൂർ ബുക്കിംഗ് വരെ നടപ്പാക്കാൻ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനമൊട്ടാകെയുള്ള വള്ളംകളി മത്സരങ്ങളെ കോർത്തിണക്കി വള്ളംകളി കൂടുതൽ വ്യാപകമായി സംഘടിപ്പിക്കണമെന്നാണ് സർക്കാർ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇത്തവണ കേരളത്തിന്റെ വടക്കുഭാഗത്തുള്ള ജില്ലകളിലും ബോട്ട് ലീഗിന്റെ ഭാഗമായി വള്ളംകളി മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ മുൻ എംഎൽഎ സി കെ സദാശിവൻ അധ്യക്ഷനായി. ജില്ലാ കളക്ടർ അലക്സ് വർഗീസ് സിബിഎൽ സന്ദേശം നൽകി. ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം സി പ്രസാദ്, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ജലജകുമാരി, കൈനകരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ എ പ്രമോദ്, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ മുൻ എംഎൽഎ കെ കെ ഷാജു, ആർ കെ കുറിപ്പ്, എസ് എം ഇക്ബാൽ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts