Your Image Description Your Image Description

അക്ഷരങ്ങൾ അറിവിന്റെ സമരായുധങ്ങൾ ആക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. വായന ദിനാഘോഷത്തിന്റെയും വായന പക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ചേർത്തല എസ് എൻ കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

ഓരോ വായനയും മനുഷ്യന് പുതിയ ലോകമാണ് സമ്മാനിക്കുന്നത്. മികച്ച മനുഷ്യനാകാൻ ലക്ഷ്യബോധമുള്ള വായന അനിവാര്യമാണ്. അറിവിന്റെ തെരഞ്ഞെടുപ്പുകൾക്ക് പ്രാധാന്യമുള്ള കാലഘട്ടമാണിത്. പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ് മികച്ചതായാൽ മികച്ച പൗരന്മാരാകാമെന്നും യുവ തലമുറ വായനയുടെ മഹത്വം മനസിലാക്കി മാസത്തിൽ ഒരു പുസ്തകമെങ്കിലും വായിക്കാൻ ശ്രദ്ധിക്കണമെന്നും തന്റെ വായനാനുഭവം ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ അനുസ്മരിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വായനയെയും വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി നിരവധി പദ്ധതികളാണ് സർക്കാരിന്ന് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. സാക്ഷരതാ മിഷൻ വഴി ഒട്ടേറെ പേർ വിദ്യാഭ്യാസം എന്ന സ്വപ്നത്തിലേക്ക് കടന്നുവുന്നു. അതുപോലെതന്നെ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങൾ വഴി നിരവധി സാധാരണ സ്ത്രീകളുടെ മറഞ്ഞിരുന്ന സർഗ്ഗവാസനകളും പുറംലോകം അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. പുതുതലമുറ വായനയുടെ ലോകത്ത് നിന്ന് വ്യതിചലിക്കുന്നു എന്ന ആശങ്കകൾ നിലനിൽക്കുമ്പോഴും അഖിൽ പി ധർമ്മജനെപ്പോലുള്ള യുവഎഴുത്തുകാരുടെ കൃതികൾക്ക് ഈയിടെ ലഭിച്ച സ്വീകാര്യത ഏറെപ്രതീക്ഷ നൽകുന്നുണ്ടെന്നും കെ.ജി.രാജേശ്വരി പറഞ്ഞു.

ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ അധ്യക്ഷത വഹിച്ചു. പഴയ തലമുറ വായനയോട് കാണിച്ച ആവേശം ഇന്നത്തെ തലമുറയ്ക്കില്ല. പുതിയ മാധ്യമങ്ങളുടെ കടന്നുകയറ്റം പുസ്തക വായനയെ ബാധിച്ചു. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെയും നാടിന്റെ വികസനത്തിന്റെയുമെല്ലാം മുഖ്യഘടകം ആയിരുന്ന വായനയെ പുതിയ തലമുറ വീണ്ടും കൂട്ടിക്കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.

കഥാകൃത്ത് കെ രേഖ മുഖ്യാതിഥിയായി. വായനയിലൂടെ ഭാഷാപരമായ ശേഷി മാത്രമല്ല ശാസ്ത്രബോധവും ഉയരുമെന്നും മനുഷ്യന്റെ സ്വഭാവ രൂപീകരണത്തിൽ നിർണായക സ്വാധീനം ചെലുത്താൻ ഭാഷയ്ക്ക് സാധിക്കുമെന്നും അവർ പറഞ്ഞു. വായനയ്ക്ക് പ്രായമില്ല, തന്റെ 30കളുടെ കാലത്താണ് വി. ടി ഭട്ടതിരിപ്പാട് അക്ഷരത്തിന്റെ ലോകത്തേക്ക് എത്തിയത് വായനയിൽ നിന്ന് അദ്ദേഹം നേടിയ തിരിച്ചറിവ് ഒരു സമൂഹത്തിന്റെ തന്നെ തലവരെയാണ് മാറ്റിയെഴുതിയത്. മലയാള ഭാഷ മരിച്ചുവെന്ന ആശങ്കയ്ക്ക് ഇടമില്ലെന്ന് തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുത്തുകാരി സദസ്സുമായി സംവദിച്ചു. മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയയും അതിപ്രസരം യുവതലമുറയെ പുസ്തക വായന അനുഭവങ്ങളിൽ നിന്നും അകറ്റി എന്നും അവർ പറഞ്ഞു. ചടങ്ങിൽ എഡിഎം ആശാ സി എബ്രഹാം വായനദിന സന്ദേശം നൽകി. എസ് എൻ കോളേജ് ചേർത്തല പ്രിൻസിപ്പൽ ഡോ. ടി പി ബിന്ദു മുഖ്യപ്രഭാഷണം നടത്തി. എസ് എൻ കോളേജ് ചേർത്തല റിട്ട. മലയാള വിഭാഗം വകുപ്പ് മേധാവി എം വി കൃഷ്ണമൂർത്തി, കെ രേഖ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി എൻ പണിക്കർ അനുസ്മരണവും നടത്തി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുദർശന ഭായ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ വി രതീഷ്, അസിസ്റ്റന്റ് എഡിറ്റർ ടി എ യാസിർ, എസ് എൻ കോളേജ് ചേർത്തല മലയാള വിഭാഗം മേധാവി ടി ആർ രതീഷ്, കോളേജ് യൂണിയൻ മുൻ ചെയർപേഴ്‌സൺ ശ്രീഷ്മ കേളോത്ത്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പി.എസ്.സജിമോൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എൻ ബി എസ് പുസ്തകോത്സവം ഉദ്ഘാടനം എഡിഎം ആശാ സി എബ്രഹാം നിർവഹിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ലൈബ്രറി കൗൺസിൽ, സാക്ഷരതാ മിഷൻ, എസ് എൻ കോളേജ് ചേർത്തല മലയാളവിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *