Home » Blog » kerala Max » അക്കൗണ്ട് ഹാക്ക് ചെയ്തു; ഇ പി ജയരാജനെതിരായ ഫേസ്ബുക്ക് പോസ്റ്റ് എന്റേതല്ല – വിശദീകരണവുമായി ശ്യാംജിത്ത്
13

തിരുവനന്തപുരം: വ്യവസായി ശശിധരൻ കർത്തയില്‍ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണമുന്നയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് താൻ പങ്കുവെച്ചതല്ലെന്ന വിശദീകരണവുമായി ശ്യാംജിത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ശ്യാംജിത് വ്യക്തമാക്കിയത്. പോസ്റ്റുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. പ്രസ്തുത പോസ്റ്റ് താൻ മനഃപൂർവം പ്രസിദ്ധീകരിച്ചതല്ലെന്നും നിലവിൽ താൻ ശബരിമലയിലാണെന്നും ശ്യാംജിത് പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവർത്തകർ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ എല്ലാവരും വസ്തുതകൾ കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം പ്രതികരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുൻപായി തന്നെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്നും ശ്യാംജിത് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഇന്ന് എന്റെ ഫേസ്ബുക്ക് പേജായ Shyamjith EP-യില്‍, എന്റെ പ്രിയപ്പെട്ട സഖാവ് ഇ പി ജയരാജനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അവഹേളിക്കുന്ന രീതിയിലുള്ള ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ ശബരിമലയില്‍ ആയതിനാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവര്‍ത്തകര്‍ എന്നെ ഫോണില്‍ വിളിച്ച് അന്വേഷിക്കുന്നുണ്ട്. എനിക്ക് വ്യക്തമായി പറയാനുള്ളത്, എന്റെ ഫേസ്ബുക്ക് പേജില്‍ വന്നിട്ടുള്ള പ്രസ്തുത പോസ്റ്റ് ഞാന്‍ മനഃപൂര്‍വം പ്രസിദ്ധീകരിച്ചതല്ല എന്നതാണ്. എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്തതാണെന്നാണ് ഞാന്‍ സംശയിക്കുന്നത്. പ്രസ്തുത പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നു.

ആയതിനാല്‍, എല്ലാ മാധ്യമപ്രവര്‍ത്തകരോടും പ്രത്യേകിച്ച് റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കാനുള്ളത്, ഇത്തരം വിഷയങ്ങള്‍ വാര്‍ത്തയാക്കുന്നതിന് മുമ്പ് എന്നെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്നാണ്. എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്ത സംഭവത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. ഈ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ട് വിശദീകരിക്കുന്നതുമാണ്. എല്ലാവരും വസ്തുതകള്‍ മനസ്സിലാക്കി മാത്രം പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *