Home » Blog » Kerala » “സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളും രക്ഷിതാക്കളും”; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതിയുമായി വനിതാ ഡോക്ടര്‍
22

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് റിയാലിറ്റി ഷോ താരവും ട്വന്റി 20 സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍. സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാ വിരുദ്ധ പരാമര്‍ശം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവനയില്‍ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ, ചീഫ് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. നിലവിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിന് മേല്‍ പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുവാന്‍ ശ്രമം നടത്തിയ അഖില്‍ മാരാര്‍ക്കെതിരെ കേരള പൊതു ജനാരോഗ്യ നിയമത്തിലെ വകുപ്പ് ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കണമെന്ന് ഡോ. കെ. പ്രതിഭ പരാതിയില്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളും രക്ഷിതാക്കളുമെന്ന് സംവിധായകനും തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സ്ത്രീകള്‍ വളരെ കൂളായും ഈസിയായിട്ടും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവമെന്നും ആശുപത്രികളും രക്ഷിതാക്കളും ചേർന്ന് അത് സങ്കീര്‍ണ്ണമാക്കിയെന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ഗര്‍ഭിണി ആയി കഴിഞ്ഞാല്‍ തന്നെ മാരക രോഗമാണെന്ന് പെണ്‍കുട്ടികളുടെ മനസ്സിലേക്ക് പേടിപ്പിച്ച് ഇട്ടുകൊടുത്ത് പ്രസവത്തെ കോബ്ലിക്കേറ്റഡാക്കി വയ്ക്കുകയാണ്. പണ്ട് സ്ത്രീകള്‍ പോയി പ്രസവിച്ചിട്ട് ഉടന്‍ പോയി രണ്ട് കിലോ അരി ഇടിച്ച് വച്ചിട്ടുണ്ടെന്ന് മുമ്പ് കാലത്ത് ചിലരൊക്കെ പറയുമെന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. അഖില്‍ മാരാര്‍ സംവിധായകനും, ആര്‍ട്ടിസ്റ്റും, അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും എന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ പൊതുസമൂഹം ശ്രദ്ധയോടെ നിരീക്ഷിക്കുമെന്നിരിക്കെ നിലവില്‍ സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാ വിരുദ്ധ പരാമര്‍ശം നടത്തിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുവാന്‍ കഴിയാത്ത കുറ്റകരമായ പ്രവൃത്തിയാണെന്ന് ഡോ. കെ. പ്രതിഭ ചൂണ്ടിക്കാട്ടി.