
ചെന്നൈ: സൂപ്പർസ്റ്റാർ പദവിയുടെയും താരപ്രഭയുടെയും ലോകത്ത് ജീവിക്കുമ്പോഴും മനസ്സിൽ ഇന്നും താനൊരു സാധാരണ ബസ് കണ്ടക്ടറാണെന്ന് തുറന്നുപറഞ്ഞ് നടൻ രജനീകാന്ത്. ബസുകളും കാക്കി യൂണിഫോം ധരിച്ച കണ്ടക്ടർമാരെയും കാണുമ്പോൾ പഴയകാല ഓർമകൾ മനസ്സിലെത്തുമെന്നും അത് സന്തോഷം നൽകുന്നുവെന്നും താരം പറഞ്ഞു. ‘ജയിലർ 2’ റിലീസിന് മുന്നോടിയായി നടന്ന പരിപാടിയിലാണ് രജനീകാന്തിന്റെ വെളിപ്പെടുത്തൽ.
“എന്റെ ഉള്ളിന്റെ ഉള്ളിൽ ഞാൻ എന്നെത്തന്നെ ഒരു ബസ് കണ്ടക്ടറായാണ് കാണുന്നത്. അന്ന് കണ്ടക്ടറായി ജോലി ചെയ്തിരുന്നപ്പോൾ ചെറിയ ശമ്പളമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, രജനീകാന്ത് എന്ന സൂപ്പർസ്റ്റാർ പ്രതിച്ഛായയുമായി പൊരുത്തപ്പെടാൻ ഇപ്പോഴും എനിക്ക് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും ബെംഗളൂരുവിലേക്ക് പോകുന്നത്. ബസുകൾ കാണുന്നതുതന്നെ എനിക്ക് സന്തോഷം നൽകുന്നു. കാക്കി യൂണിഫോം കാണുമ്പോൾ പഴയകാലത്തെ ആഗ്രഹങ്ങൾ ഇപ്പോഴും മനസ്സിലേക്ക് വരും. അതിനാൽ ഇന്നും ഞാൻ എന്നെത്തന്നെ ഒരു ബസ് കണ്ടക്ടറായാണ് കാണുന്നത്,” – രജനീകാന്ത് പറഞ്ഞു.
സിനിമയിലെത്തി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും തനിക്ക് ലഭിക്കുന്ന ജനപ്രീതിയും ആരാധകരുടെ സ്നേഹവും പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ടെന്നും താരം വ്യക്തമാക്കി. 75-ാം വയസ്സിലും ഇത്രയേറെ ഊർജത്തോടെ നായകവേഷങ്ങളിൽ തുടരാൻ ആരാധകരുടെ പിന്തുണയാണ് പ്രധാന പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു. തമിഴ് ജനതയും സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരും നൽകുന്ന പിന്തുണയാണ് തന്റെ സിനിമാജീവിതത്തെ ഇത്രയും കാലം മുന്നോട്ടുനയിച്ചത്. വലിയ നിർമാണക്കമ്പനികളും നെൽസണെപ്പോലുള്ള പ്രമുഖ സംവിധായകരും തന്നോടൊപ്പം പ്രവർത്തിക്കാൻ താൽപര്യം കാണിക്കുന്നതിനു പിന്നിലും ഈ ജനപിന്തുണയുണ്ടെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.
